മട്ടാഞ്ചേരി: വയനാടിന് കൈത്താങ്ങായി കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ഓണത്തിന് ജൈവപച്ചക്കറി ചന്ത ആരംഭിക്കുന്നു. സെപ്തംബർ ഒമ്പതിന് ആരംഭിച്ച് ഉത്രാടംനാൾവരെ ചന്ത തുടരും.സ്പോൺസർമാരെ കണ്ടെത്തി ആരംഭിക്കുന്ന ചന്തയിൽനിന്ന് ലഭിക്കുന്ന മുഴുവൻ തുകയും വയനാടിന്റെ പനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ചന്തയിലൂടെ പത്തുലക്ഷംരൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജനകീയമായി സംഘടിപ്പിക്കുന്ന ചന്തയിൽ പച്ചക്കറി ലാഭമില്ലാതെ അതേവിലയ്ക്കുതന്നെ ജനങ്ങൾക്ക് നൽകും. തോപ്പുംപടി സിത്താര ഗ്രൗണ്ടിൽ ആരംഭിക്കുന്ന ചന്ത മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ചന്തയുടെ വിജയത്തിനായി വ്യാപാരിസമൂഹവും കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും പിന്തുണ അറിയിച്ചു.
ചന്തയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന ആലോചനായോഗം കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബാലാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷീബാ ഡ്യുറോം, പി.എം. ഇസ്മുദ്ദീൻ, സോണി കെ. ഫ്രാൻസിസ്, റഡീന ആന്റണി, സി.പി.എം ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, വെസ്റ്റ് സി.ഡി.എസ് പ്രസിഡന്റ് നബീസ ലത്തീഫ്, വ്യാപാരിവ്യവസായി ഏകോപനസമിതി തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് എസ്.എ. ലത്തീഫ്, വ്യാപാരി വ്യവസായിസമിതി കൊച്ചി ഏരിയ പ്രസിഡന്റ് ഷാജി മമ്മാസ്, കെ.എ. എഡ്വിൻ, എ.കെ. അനൂപ്കുമാർ, കെ.പി. പ്രതാപൻ എന്നിവർ സംസാരിച്ചു.