ആലുവ: ദേശീയപാതയിൽ ആലുവ മാർക്കറ്റ് മേൽപ്പാലത്തിനടിയിൽ പേ ആൻഡ് പാർക്കിന് നഗരസഭ കരാർ നൽകിയത് ദേശീയപാത അതോറിട്ടിയുടെ ഒഴിപ്പിക്കൽ നോട്ടീസ് മറച്ചുവച്ചാണെന്ന് വ്യക്തമായി. ദേശീയപാത അതോറിട്ടിയുടെ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ട് 2022 ഡിസംബറിലാണ് പാലത്തിന് അടിയിൽ പേ ആൻഡ് പാർക്ക് നടത്തുന്നതിന് സ്വകാര്യ വ്യക്തിക്ക് നഗരസഭ കരാർ നൽകിയത്.
2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ ഇതേയാൾക്ക് പുതുക്കി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് 2023 നവംബർ 21നും 2024 ആഗസ്റ്റ് 22നുമാണ് ദേശീയപാത പാലക്കാട് ഡിവിഷനിലെ പ്രൊജക്ട് ഓഫീസർ നഗരസഭക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. 2023ലെ ഒഴിപ്പിക്കൽ നോട്ടീസ് കൈപ്പറ്റിയ നഗരസഭാ അധികൃതർ വിവരം കൗൺസിൽ യോഗത്തിൽ നിന്ന് മറച്ചുവച്ചാണ് 2024 ഏപ്രിൽ ഒന്ന് മുതൽ നിലവിലുള്ള കരാറുകാർക്ക് 6.60 ലക്ഷം രൂപക്ക് വീണ്ടും പുതുക്കി കൊടുത്തത്.
ഇതുസംബന്ധിച്ച് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. പത്മകുമാർ ദേശീയപാത അധികൃതരിൽ നിന്നും വിവരാവകാശ പ്രകാരം രേഖകളും നേടിയിരുന്നു. ദേശീയപാത അധികൃതരുമായി യാതൊരുവിധ രേഖാമൂലമുള്ള ഉടമ്പടിയും ഉണ്ടാക്കിയിട്ടില്ലെന്ന് നഗരസഭയും മറുപടി നൽകി. തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ 22ന് വീണ്ടും പേ ആൻഡ് പാർക്ക് ഉൾപ്പെടെയുള്ള കയ്യേറ്റം ഒഴിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.
അഴിമതിക്കായെന്ന് ബി.ജെ.പി
ദേശീയപാത അതോറിട്ടിയുടെ ഒഴിപ്പിക്കൽ നോട്ടീസ് ഒളിപ്പിച്ചുവച്ച് മേൽപ്പാലത്തിന് താഴെ പേ ആൻഡ് പാർക്കിന്
കരാർ നൽകിയത് അഴിമതിയാണെന്ന് ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറും പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്തും ആരോപിച്ചു. നഗരസഭ നടപടിക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇന്ന് നഗരസഭക്കെതിരെ ഓംബുഡ്സ്മാന് പരാതി നൽകും. തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യക്ഷ സമരവും ആരംഭിക്കും.
ദേശീയപാതയുടെ സ്ഥലം നഗരസഭക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിയമപരമായി അധികാരം ഇല്ലെന്നിരിക്കെയാണ് കരാറുകാരനെയും കൗൺസിലിനെയും തെറ്റിദ്ധരിപ്പിച്ച് നഗരസഭ ഭരണസമിതി പേ ആൻഡ് പാർക്കിന് കരാർ നൽകിയത്