കൊച്ചി: പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൊച്ചി- ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് താത്കാലികമായി നിറുത്തി. ജൂലായ് 30 മുതൽ ആഗസ്റ്റ് 26 വരെയുണ്ടായിരുന്ന സ്‌പെഷ്യൽ സർവീസ് ട്രെയിനാണ് നിറുത്തിയത്. താത്കാലിക സർവീസിന്റെ പരീക്ഷണം വിജയമാണെന്നാണ് വിലയിരുത്തൽ.
കൊച്ചി-ബെംഗളൂരു വന്ദേഭാരത് സർവീസിന്റെ സമയക്രമത്തിൽ അസൗകര്യമുണ്ടായിരുന്നെങ്കിലും ഈ ട്രെയിൻ 80 ശതമാനത്തിലേറെ യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. ആഴ്ചയവസാനങ്ങളിൽ യാത്രക്കാരുടെ എണ്ണം 100ശതമാനത്തിലെത്തി. പലപ്പോഴും ടിക്കറ്റ് വളരെ വേഗം തീർന്നു പോയിരുന്നു. ഇരു ഭാഗങ്ങളിലേക്കും 12 വീതം സർവീസാണ് സ്‌പെഷ്യൽ വന്ദേഭാരത് നടത്തിയത്. സാധാരണഗതിയിൽ വന്ദേഭാരതുകളിലെ ബുക്കിംഗ് ശരാശരി 150 ശതമാനമാണ്. സമയം ക്രമീകരിച്ചാൽ കൊച്ചി- ബംഗളൂരു സർവീസും ഈ നിലയിലേക്കെത്തുമെന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പ്രതികരം.
സർവീസ് നിറുത്തരുത്: ഹൈബി ഈഡൻ എം.പി
കൊച്ചി-ബംഗളൂരു വന്ദേഭാരത് സർവീസ് തുടരണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് മലയാളികൾ കേരളത്തിലേക്ക് മടങ്ങുന്ന ഓണാവധിക്കാലത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ വന്ദേഭാരത് നിറുത്തലാക്കിയത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. സർവീസ് സ്ഥിരപ്പെടുത്താൻ വൈകരുതെന്നും ഹൈബി കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
നിരക്ക്
എ.സി ചെയർ കാർ- 1,465 രൂപ
എക്‌സിക്യുട്ടീവ് ചെയർ കാർ- 2,945 രൂപ
സ്റ്റോപ്പുകൾ
എറണാകുളം
തൃശൂർ
പാലക്കാട്
പോത്തനൂർ
തിരുപ്പൂർ
ഈറോഡ്
സേലം
ബംഗളൂരു കന്റോൺമെന്റ്
(ഈ റൂട്ടിൽ തന്നെ തിരിച്ചും)
സ്‌പെഷ്യൽ ട്രെയിൻ
ഓണം പ്രമാണിച്ച് കേരളത്തിലെ തെക്കൻ ജില്ലകളിലെ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും എറണാകുളം വഴി സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും ഹൈബി ഈഡൻ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അവസാന നിമിഷം സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുന്നതിലൂടെയുണ്ടാകുന്ന ഈ അനിശ്ചിതത്വം ഇത്തവണയുണ്ടാകരുതെന്നും ഹൈബി പറഞ്ഞു.