പെരുമ്പാവൂർ: കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പെരുമ്പാവൂർ സരിഗ സംഘടിപ്പിക്കുന്ന 32-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സെപ്റ്റംബർ 1 മുതൽ 13 വരെ പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഒന്നിന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 'അച്ഛൻ" അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ തിരുവനന്തപുരം സംസ്‌കൃതിയുടെ 'നാളത്തെ കേരള", പത്തനാപുരം ഗാന്ധിഭവന്റെ 'യാത്ര", അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം", കൊല്ലം സ്‌നേഹയുടെ 'ആ ദിവസം", ആലപ്പുഴ സൂര്യകാന്തിയുടെ 'കല്യാണം", തിരുവനന്തപുരം അക്ഷരകലയുടെ 'ഹൃദ്യമീ നിലാവ്", കടയ്ക്കാവൂർ എസ്.എസ്. നടനസഭയുടെ 'റിപ്പോർട്ട് നമ്പർ 79", തിരുവനന്തപുരം ശ്രീനന്ദനയുടെ 'യാനം", ചങ്ങനാശേരി അണിയറയുടെ 'ഡ്രാക്കുള", കോഴിക്കോട് രംഗഭാഷയുടെ 'മിഠായി തെരുവ്", ആറ്റിങ്ങൽ ശ്രീധന്യയുടെ 'അപ്പ", കൊല്ലം അനശ്വരയുടെ 'അന്ന ഗാരേജ്" എന്നീ നാടകങ്ങളും അരങ്ങേറും. 13-ാം ദിവസത്തെ നാടകം സ്‌പെഷ്യൽ പാസ് മുഖാന്തിരം നിയന്ത്രിക്കുന്നതും അന്നേ ദിവസം ലഭിക്കുന്ന തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതുമാണ്. എല്ലാ ദിവസവും വൈകട്ട് 6.30 ന് നാടകങ്ങൾ ആരംഭിക്കും. നാടകോത്സവം നാടക - സിനിമാതാരം പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പങ്കെടുക്കും.