മേക്കപ്പിട്ട 2000 മത്സരാർത്ഥികൾ നിരാശരായി മടങ്ങി
ആലുവ: അനുമതിയില്ലാതെ നടത്താനൊരുങ്ങിയ ഫാഷൻ ഷോ അവസാനനിമിഷം പൊലീസ് തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിനെത്തിയ 2000ത്തോളം പേർ നിരാശരായി മടങ്ങി.
കുന്നത്തേരി കെ.എം.എച്ച് ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് ആറ് മുതലാണ് ഫാഷൻ ഷോ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായി സീറോ റാമ്പിലായിരുന്നു മത്സരം. തിരുവനന്തപുരം ആസ്ഥാനമായുള്ള എലൈറ്റ് മോഡലിംഗ് കമ്പനിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
രാവിലെ മുതൽ ഒരുക്കങ്ങളും ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ സി.ഐ മഞ്ജുദാസിന്റെ നേതൃത്വത്തിൽ പൊലീസെത്തി രേഖകൾ പരിശോധിച്ച് അനുമതിയില്ലെന്ന് ഉറപ്പാക്കി. ഹാളിന്റെ മേൽനോട്ടക്കാരന് നോട്ടീസും നൽകി. ഇതിനിടയിൽ സംഘാടകർ ഡിവൈ.എസ്.പിയെ സന്ദർശിച്ച് അനുമതിക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വൈകിട്ട് നാലരയോടെ മത്സരത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ പ്രതിനിധികളെ മാത്രം സംഘാടകർ വിളിച്ചുവരുത്തി പരിപാടി മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചു.
പൊലീസ്, എക്സൈസ് അനുമതിയില്ല
ണ്ട് ദിവസമെടുത്ത് ഉയർന്ന വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ഓഡിറ്റോറിയത്തിൽ സെറ്റ് ചെയ്തിരുന്നത്. ഇത്തരം സൗണ്ട് സംവിധാനം ഉപയോഗിക്കുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വേണം. മാത്രമല്ല, ഫാഷൻ ഷോ പരിപാടികൾക്ക് എക്സൈസ് വകുപ്പിന്റെയും അനുമതി വേണം. ഇതൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ഇത്തരം പരിപാടികളിൽ ലഹരി ഉപയോഗിക്കുന്നവരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
40 കമ്പനികൾക്കായി മത്സരം
സംസ്ഥാനത്തെ 40 മോഡലിംഗ് കമ്പനികൾക്ക് വേണ്ടിയാണ് മത്സരാർത്ഥികളെത്തിയത്. ഒരു കമ്പനിക്ക് വേണ്ടി മാത്രം 30 മുതൽ 70 വരെ ആളുകൾ റാമ്പിൽ കയറാൻ ഒരുങ്ങിയിരുന്നു. ഇതര ജില്ലകളിൽ നിന്നുള്ളവർ ചൊവ്വാഴ്ച്ച തന്നെ എത്തിയിരുന്നു. ചെങ്ങന്നൂർ മാന്നാർ പാവുക്കര സ്വദേശി മഹാദേവൻ വിനോദ് എന്നയാളാണ് പരിപാടിക്കായി ഹാൾ വാടക്ക് എടുത്തിരുന്നത്. കുട്ടികൾ ഉൾപ്പെടെ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഒരുങ്ങിയിരുന്നു.