photo

വൈപ്പിൻ: ജില്ലയിലെ മത്സ്യ അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് കേരള മത്സൃത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ, കായിക അവാർഡുകൾ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. സമ്മാനിച്ചു. മൊത്തം 223 ഗുണഭോക്താക്കൾക്ക് 10, 18,000 രൂപയാണ് സമ്മാനിച്ചത്.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 111 വിദ്യാർത്ഥികൾക്ക് 5000 രൂപ വീതവും 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർക്ക് 4000 രൂപ വീതവും 8 വിഷയങ്ങൾക്ക് മുഴുവൻ എപ്ലസ് നേടിയവർക്ക് 3000 രൂപ വീതവുമാണ് നൽകിയത്. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിൽ നിന്ന് ഉന്നത വിജയം നേടിയ രണ്ടു പേർക്ക് 3000 രൂപ വീതവും സമ്മാനിച്ചു. ഹയർ സെക്കൻഡറിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ 48 വിദ്യാർത്ഥികൾക്ക് 2, 24,000 വിതരണം ചെയ്തു. കായിക വിനോദമത്സരങ്ങളിൽ വിജയം നേടിയ 20 പേർക്ക് 69,000 രൂപയും നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, റീജിയണൽ എക്‌സിക്യൂട്ടീവ് എസ്. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വിജില രാധാകൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൻ, എക്‌സൈസ് സി.ഐ വി.സി. ബൈജു, എഫ് .ഇ.ഒ ബി.എസ്. സീതാലക്ഷ്മി, എസ്.എച്ച്.ഒ. സുനിൽ തോമസ്, എളങ്കുന്നപ്പുഴ സഹകരണ സംഘം പ്രസിഡന്റ് എ.കെ. ശശി, മാലിപ്പുറം സഹകരണ സംഘം പ്രസിഡന്റ് കെ.ആർ. സുനിൽ, മത്സ്യബോർഡ് അംഗം കെ.കെ. രമേശൻ, ഫിഷറീസ് ഓഫീസർ കെ.പി. പ്രബിത എന്നിവർ സംസാരിച്ചു.