kanakkankadavu-regulator-

പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ തകരാറിലായ ഷട്ടറുകൾ പുനഃസ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. 10.70 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഷട്ടറുകളിൽ ഒരെണ്ണം കേടുവന്നതിനാൽ ജനനിരപ്പ് അനുസരിച്ച് ഉയർത്താനും താഴ്ത്താനും സാധിച്ചിരുന്നില്ല. ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. അടുത്ത ആഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.

1999ൽ 11കോടി 48 ലക്ഷം രൂപ ചെലവാക്കി മേജർ ഇറിഗേഷൻ വകുപ്പാണ് ചാലക്കുടിയാറിന് കുറുകെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. അന്നുമുതൽ ബ്രിഡ്ജ് നിർമ്മിച്ചതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്രദമാക്കാൻ ഇന്നുവരെ കഴിഞ്ഞില്ല. പാലത്തിൽ സജ്ജീകരിച്ച ഷട്ടറുകൾ വേനൽക്കാലത്ത് താഴ്ത്തി ഓരുജലം കയറുന്നത് തടയുകയായിരുന്നു ലക്ഷ്യം. ആദ്യവർഷം തന്നെ ഷട്ടറുകൾ ചോർന്നു. അറ്റകുറ്റപ്പണികൾക്കായി പിന്നീട് കോടികൾ മുടക്കിയെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല.

ഷട്ടറുകൾ ചോരുന്നതിനാൽ എല്ലാ വർഷവും വേനൽ കാലത്ത് ലക്ഷങ്ങൾ മുടക്കി മണൽബണ്ട് നിർമിക്കുകയാണ് മേജർ ഇറിഗേഷൻ വകുപ്പ്.

ചാലക്കുടിയാറിലേക്ക് വേനൽക്കാലത്ത് ഉപ്പ് വെള്ളം കയറുന്നതിനാൽ പറവൂർ, കളമശേരി, ആലുവ, കൊടുങ്ങല്ലൂർ, അങ്കമാലി നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ പ്രതിസന്ധിയുണ്ടാക്കുന്നു. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, പാറക്കടവ്, ചെങ്ങമനാട്, കുന്നുകര, തൃശൂർ ജില്ലയിലെ പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തുകളിലെ നെല്ല്, വാഴ, പച്ചക്കറി, കപ്പ തുടങ്ങിയ കൃഷികളെ ബാധിച്ചിരുന്നു.

ഷട്ടർ ഉയർത്താനായില്ല

കഴിഞ്ഞ മാസം ഒന്നിന് നാലാമത്തെ ഷട്ടർ ഉയർത്തി പുറത്തേയ്ക്കെടുത്ത് താത്കാലിക പരിഹാരത്തിന് ശ്രമിച്ചിരുന്നു ഇതിനായി രണ്ട് ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ കൊണ്ടുവരികയും ചെയ്തു രണ്ട് മണിക്കൂറോളം പരിശ്രമിച്ചിട്ടും ഫലമില്ലാതെ വന്നതോടെ മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ ശ്രമം താത്കാലികമായി ഉപേക്ഷിച്ചു ചാലക്കുടിയാറിൽ വെള്ളം പൊങ്ങിയപ്പോഴാണ് നാലാമത്തെ ഷട്ടറിന്റെ മദ്ധ്യഭാഗം വളഞ്ഞത് ബ്രിഡ്ജിലെ 11 ഷട്ടറുകളും കാലഹരണപ്പെട്ടതാണ്