ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കമ്പനിപ്പടിയിലെ റെയിൽവേ തുരങ്കപ്പാതയുടെ നവീകരണം വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് റെയിൽവേ നടത്തിയ നവീകരണത്തെ തുടർന്ന് മഴയില്ലാത്തപ്പോഴും വെള്ളം ഒഴിയാത്ത അവസ്ഥയായെന്നാണ് പരാതി.
രണ്ട് മാസത്തോളം തുരങ്കപ്പാത അടച്ചിട്ടാണ് റെയിൽവേ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണത്തിന് ശേഷം തുരങ്കപ്പാത മൂന്ന് മാസം മുമ്പ് തുറന്നപ്പോഴാണ് ദുരിതം ജനങ്ങൾ തിരിച്ചറിഞ്ഞത്. ഇരുവശവും റോഡ് നിരപ്പിൽ നിന്ന് താഴ്ന്നാണ് തുരങ്കത്തിന്റെ ഭൂനിരപ്പ്. അതിനാൽ മഴക്കാലത്ത് ഇരുവശത്തുനിന്നുമുള്ള വെള്ളം തുരങ്കത്തിൽ കെട്ടിക്കിടക്കും. മഴയില്ലെങ്കിലും ഉറവവെള്ളവും തുരങ്കത്തിൽ കെട്ടിക്കിടക്കുകയാണ്. നവീകരണത്തിന് ശേഷവും തുരങ്കപ്പാതയിൽ മുട്ടോളം വെള്ളമാണ്. ഇത് മോട്ടർ ഉപയോഗിച്ച് സമീപത്തെ മലിനജല സംഭരണിയിലേക്ക് പമ്പ് ചെയ്ത ശേഷം പൊതുകാനയിലൂടെ ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. അശാസ്ത്രീയമായ നിർമ്മാണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.
കറണ്ടില്ലെങ്കിൽ വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ പ്രവർത്തിപ്പിക്കണമെങ്കിൽ ജനററേറ്ററും ജോലിക്കാരും വേണം. ഇത് പഞ്ചായത്ത് നിർവഹിക്കണമെന്ന് റെയിൽവേ അശാസ്ത്രീയമായ നിർമ്മാണത്തിന്റെ ഉത്തരവാദികളായ റെയിൽവേ ഇതിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ഇടപെട്ടിട്ടും പരിഹാരമായില്ല എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിൽ പഞ്ചായത്ത് അധികൃതർ പ്രതിഷേധവുമായെത്തിയെങ്കിലും നടപടിയില്ല
പഴയ നിലയിൽ ആക്കണമെന്ന് സി.പി.എം
ആലുവ: മാന്ത്രയ്ക്കൽ റെയിൽവെ തുരങ്കപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഴയ അവസ്ഥ പുന:സ്ഥാപിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ആവശ്യപ്പെട്ടു. റെയിൽവെയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശക്തമായ മഴയിൽ തുരങ്കത്തിലെ വെള്ളക്കെട്ട് മൂലം ഗതാഗതം സ്തംഭിക്കുകയാണ്. നല്ല മഴയുള്ളപ്പോൾ ഒരു മണിക്കൂറെങ്കിലും മോട്ടോർ അടിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കുന്നത്. തുരങ്കത്തിൽ മുമ്പ് ഉണ്ടായിരുന്ന അവസ്ഥ തുടരണമെന്നും അശാസ്ത്രീയ നിർമ്മാണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കണമെന്നും സതേൺ റെയിൽവെ ഡിവിഷൻ മാനേജറോട് എ.പി ഉദയകുമാർ ആവശ്യപ്പെട്ടു.