മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവൻ മാലിന്യവും പേറുന്ന ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംബിംഗ് യാർഡിലെ മാലിന്യ സംസ്‌കരണ സംവിധാനം താറുമാറായതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംബിംഗ് യാർഡിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസഹ്യമായ ദുർഗന്ധം വമിച്ചതോടെയാണ് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരത്തിലെ പൊതു റോഡുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണ മാലിന്യങ്ങൾ അടക്കം നിക്ഷേപിക്കുന്നത് ഈ യാർഡിലാണ്. എന്നാൽ കൃത്യമായി രീതിയിൽ മാലിന്യ സംസ്‌കരണം നടത്തുന്നതിന് നഗരസഭക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായ രീതിയിലാണ് നഗരസഭയുടെ ഡംബിംഗ് യാർഡിൽ മാലിന്യ സംസ്‌കരണം നടക്കുന്നതെന്നും ശുദ്ധവായു ശ്വാസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ഡംബിംഗ് യാർഡിൽ ബയോ മൈനിംഗ് ആരംഭിക്കുന്നതിന് കോടികൾ മുടക്കി കൂറ്റൻ യന്ത്ര സാമഗ്രികൾ നാഗ്പൂരിൽ നിന്ന് എത്തിച്ചിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഡംബിംഗ് യാർഡിലെ മാലിന്യങ്ങൾ തെരുവുനായ്ക്കളും കാക്കകളും പരിസരത്തെ വീടുൾക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും കൊണ്ടിടുന്നത് നിത്യകാഴ്ചയാണ്. നഗരസഭയുടെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ വളക്കുഴിയിലേക്ക് എത്തുന്ന മാലിന്യ സംഭരണ വാഹനങ്ങൾ തടയുമെന്ന് പ്രദേശവാസികൾ പറഞ്ഞു.