crime

ആലുവ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി രൂപയോളം തട്ടിയ കേസിൽ ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖറി (27)നെ എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ആലുവ സ്വദേശിനിയായ വീട്ടമ്മ സോഷ്യൽ മീഡിയ വഴിയാണ് ഓൺലൈൻ ട്രേഡിംഗ് സംഘത്തെ പരിചയപ്പെട്ടത്. ആദ്യം ചെറിയ തുക നിക്ഷേപിച്ച വീട്ടമ്മയെ കെണിയിലാക്കാൻ ലാഭമെന്നു പറഞ്ഞ് സംഘം വലിയ തുക അയച്ചുകൊടുത്തു. തുടർന്ന് കൂടുതൽ പണം തട്ടിപ്പുകാർ പറയുന്ന അക്കൗണ്ടുകളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നു. നിക്ഷേപത്തുകയുടെ ലാഭം അവരുടെ പേജുകളിൽ കാണിക്കും. വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം നിക്ഷേപിച്ചു. ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ സംഘം സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷരായി. ഫോൺ നമ്പറും ഉപയോഗത്തിലില്ലാതായി.

വീട്ടമ്മയുടെ പരാതിയിന്മേൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അന്വേഷണം സി ബ്രാഞ്ചിനെ ഏൽപ്പിച്ചു. വിജയിനെ അഹമ്മദാബാദിലെ വീടിന് പരിസരത്ത് പൊലീസ് ടീം വേഷം മാറി ദിവസങ്ങളോളം താമസിച്ചാണ് സാഹസികമായി പിടികൂടിയത്. പ്രതി വി.എസ് ട്രേഡ് എന്ന വ്യാജസ്ഥാപനമുണ്ടാക്കി ജി.എസ്.ടി സർട്ടിഫിക്കറ്റും ദേശസാത്കൃത ബാങ്കിൽ കറന്റ് അക്കൗണ്ടും തുടങ്ങി വ്യാപക തട്ടിപ്പാണ് നടത്തിയിരുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്.

ഡിവൈ.എസ്.പി ടി.എം. വർഗീസ്, സബ് ഇൻസ്‌പെക്ടർമാരായ എ.കെ. സന്തോഷ് കുമാർ, ടി.കെ. വർഗീസ്, എ.എസ്.ഐ വി.എൻ. സിജോ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.