കടലിലും കരയിലും ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യ. സേനാ താവളങ്ങളടക്കം ആക്രമിക്കപ്പെട്ട സമീപകാല ചരിത്രം നമുക്കുണ്ട്. എന്നാൽ തന്ത്രപ്രധാന സ്ഥാനങ്ങളിൽപ്പോലും ഇപ്പോഴും സുരക്ഷാ പഴുതുകളുണ്ടെന്നതാണ് യാഥാർത്ഥ്യം. കപ്പൽശാലകൾ കേന്ദ്രീകരിച്ചുള്ള രഹസ്യച്ചോർച്ചയിൽ തുടരുന്ന അറസ്റ്റുകൾ ഇതിനൊരു സൂചനയാണ്.#
ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കപ്പലിന്റെ നിർമ്മാണം പൂർണമായും നിർവഹിച്ച് അഭിമാനകരമായ നേട്ടം സ്വന്തമാക്കാൻ കൊച്ചി കപ്പൽശാലക്കായി. വിക്രാന്തിന്റെ പ്രവർത്തന കേന്ദ്രമാകട്ടേ ഇനി വിശാഖപട്ടണമായിരിക്കും. രണ്ടു നഗരങ്ങളിലും കപ്പൽശാലയോട് ചേർന്ന് നാവികത്താവളങ്ങളുമുണ്ട്. ശക്തമായ കാവലുമുണ്ട്. എന്നാൽ
2020- 2021 കാലഘട്ടത്തിൽ ഇരു കപ്പൽശാലകളിലും ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടായി.
വിക്രാന്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങളും വി.വി.ഐ.പി സന്ദർശനമടക്കമുള്ള വിവരങ്ങളും ഒരു കരാർ ജീവനക്കാരൻ, സംശയിക്കപ്പെടുന്ന കേന്ദ്രങ്ങൾക്ക് കൈമാറിയെന്ന വിവരം ഞെട്ടിക്കുന്നതായിരുന്നു. ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു കടത്തിയ സംഭവവും അതിനുമുമ്പുണ്ടായി. വിശാഖപട്ടണം കപ്പൽശാലകളിലെ രഹസ്യവിവരങ്ങളും ചിത്രങ്ങളും ചിലർ പാക് ചാരവനിതയ്ക്ക് ചോർത്തിനൽകിയെന്ന നടുക്കുന്ന വാർത്തയും പിന്നാലെ പുറത്തുവന്നു. അന്വേഷണങ്ങളിൽ കരാർ തൊഴിലാളികളായ ചിലർ നേരത്തേ പിടിയിലായിരുന്നു. എന്നാൽ ഇവരുമായി ബന്ധമുള്ളവർ ഷിപ്പ്‌യാർഡുകൾക്കുള്ളിൽ ജോലിയുമായി തുടരുകയായിരുന്നു എന്ന സുഖകരമല്ലാത്ത വിവരമാണ് കഴിഞ്ഞദിവസങ്ങളിൽ നടന്ന ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡുകളുടെ ഭാഗമായി പുറത്തുവരുന്നത്. നിരീക്ഷണങ്ങൾ കർശനമെന്ന് അവകാശപ്പെടുമ്പോഴും സുരക്ഷാ പഴുതുകൾ ശേഷിക്കുന്നുവെന്നർത്ഥം. കൊച്ചി കപ്പൽശാലയാകട്ടേ നാവിക സേനയ്ക്കുവേണ്ടി മിസൈൽ വാഹിനി യാനങ്ങളും ആന്റി സബ്മറൈൻ യുദ്ധക്കപ്പലും നിർമ്മിക്കാനൊരുങ്ങുമ്പോഴാണ് റെയ്ഡും പുകിലുകളും നടക്കുന്നത്.
വിശാഖ്- കൊച്ചി
കണക്‌ഷൻ
വിശാഖപട്ടണം കപ്പൽശാലയിലെ തന്തപ്രധാന വിവരങ്ങൾ ചോർത്തി പാക് ചാരവനിതയ്ക്ക് കൈമാറിയ കേസിൽ എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് ബുധനാഴ്ച കൊച്ചി കപ്പൽശാലയിലെ കരാർ ജീവനക്കാരായ മൂന്ന് മലയാളികളെയാണ് കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണം കേസിൽ അറസ്റ്റിലായ അസാം സ്വദേശിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണിത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിലെ ഇലക്ട്രോണിക് മെക്കാനിക്കായ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വിശാഖപട്ടണം സംഭവത്തിൽ 2021ൽ ആന്ധ്രയിലെ കൗണ്ടർ ഇന്റലിജൻസ് രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. നാലുപേർ അറസ്റ്റിലുമായി.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ചാര വനിതയ്ക്ക് വിവരങ്ങൾ കൈമാറിയെന്നാണ് കേസ്. 2023 മാർച്ച് ഒന്നു മുതൽ ഡിസംബർ പത്ത് വരെ എയ്ഞ്ചൽ പായൽ എന്ന ഫേസ്ബുക്ക് പേജിലേക്ക് നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻ.ഐ.എ കണ്ടെത്തി. ഏയ്ഞ്ചൽ പായൽ എന്ന അക്കൗണ്ടിലെ ചാറ്റുകൾ വീണ്ടെടുക്കാൻ കൊച്ചി സിറ്റി പൊലീസ് ഫേസ്ബുക്കിന് കത്ത് നൽകിയിരുന്നു. പക്ഷേ ഈ വ്യാജപേരുകാരി ഇപ്പോഴും കാണാമറയത്താണ്.
യുദ്ധക്കപ്പലിലെ കവർച്ച
കൊച്ചി ഷിപ്പ്‌യാർഡിൽ ഐ.എൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു വരവേ 2010ലാണ് കപ്പലിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് മോഷണം ഉണ്ടായത്. യുദ്ധക്കപ്പലിൽ നിന്നും ഹാർഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വിവിധ തലങ്ങളിൽ ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിൽ ഒരു വർഷത്തിനു ശേഷമാണ് പ്രതികളെ പിടികൂടാനായത്. രാജസ്ഥാൻ, ബീഹാർ സ്വദേശികളായ രണ്ടു പേരാണ് എൻ.ഐ.എയുടെ വലയിലായത്. കപ്പൽശാലയിലെ കരാർ തൊഴിലാളികളായിരുന്ന ഇവരിൽ നിന്ന് കാണാതായ ഹാർഡ് ഡിസ്‌കിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. പക്ഷേ സാധാരണ മോഷണമെന്നതിലപ്പുറമൊന്നും തെളിയിക്കാനായില്ല. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുമ്പോൾ ഹാർഡ് ഡിസ്‌ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് എൻ.ഐ.എക്ക് ലഭിച്ച മൊഴി.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിൽ 5000 പേരുടെ വിരലടയാളം ശേഖരിച്ചു പരിശോധിക്കേണ്ടി വന്നു. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ ഹാർഡ് ഡിസ്‌കിൽ ഇല്ലെന്നാണ് അധികൃതർ വിശദീകരിച്ചത്. കൊച്ചി കപ്പൽശാലയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെന്ന വ്യാജേന അഫ്ഗാൻ പൗരൻ ജോലിക്ക് കയറിയ സംഭവവും നേരത്തേയുണ്ടായിരുന്നു.
പൊലീസ് പട്രോൾ
കൊച്ചി കപ്പൽശാല പരിസരത്ത് സിറ്റി പൊലീസിന്റെ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്താൻ തീരുമാനമായതു മാത്രമാണ് എടുത്തുപറയത്തക്ക സുരക്ഷാക്രമീകരണം. ഇതിനായി രണ്ട് വൈദ്യുത ബൈക്കുകൾ സ്വീകരിക്കാൻ അനുമതി തേടി ഡി.ജി.പി നൽകിയ അപേക്ഷയ്ക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നൽകിയിരുന്നു. കപ്പൽശാലയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് പൊലീസിന് രണ്ട് പട്രോളിംഗ് ബൈക്കുകൾ വാങ്ങുക. ആധുനിക സംവിധാനങ്ങളുള്ള ബൈക്കുകൾക്ക് മൂന്നരലക്ഷത്തിലധികം രൂപ വില വരും.
സിറ്റി പൊലീസിന് കീഴിൽ രൂപീകരിച്ച 'സിറ്റി വാരിയേഴ്സ്' സ്ക്വാഡാണ് ഇവ കൈകാര്യം ചെയ്യുക. അതേസമയം ഷിപ്പ്‌യാർഡിനകത്ത് സംശയിക്കപ്പെടുന്നവരടക്കം ജോലി ചെയ്യുന്ന സാഹചര്യം തുടരുകയാണ്. മൂന്ന് മലയാളികളെ എൻ.ഐ.എ. ബുധനാഴ്ച കസ്റ്റഡിയിലെടുത്തത് ഇതിന് തെളിവാണ്. നാലു ഭാഗത്തുനിന്നും രാജ്യം ആക്രമണ ഭീഷണി നേരിടുമ്പോൾ അതിസുരക്ഷാ മേഖലകളിൽപ്പോലും പഴുതുകൾ അവശേഷിക്കുന്നത് തെല്ലും ഭൂഷണമല്ല.