* സംഭവം എടക്കാട്ടുവയൽ പഞ്ചായത്തിൽ
എടക്കാട്ടുവയൽ: വീട് നിർമ്മാണത്തിന്റെ പേരുപറഞ്ഞ് എടക്കാട്ടുവയൽ പഞ്ചായത്തിൽ മണ്ണെടുപ്പ് വ്യാപകം. ഏഴാം വാർഡിൽ പേപ്പതി- തിരുമറയൂർ- വട്ടപ്പാറ റോഡിനോട് ചേർന്നുള്ള മലയിലാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ മണ്ണെടുപ്പ് തുടങ്ങിയത്. അപ്പാർട്ട്മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് 56സെന്റ് ഭൂമിയിൽ മണ്ണെടുക്കാനുള്ള അനുമതിയുടെ മറവിലാണ് മണ്ണെടുപ്പ്.
മഴ ശക്തമായതോടെ പരിസരത്തെ റോഡുകൾ നിറയെ ചെളിമയമാണ്. റോഡ് നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി റോഡിന്റെ രണ്ട് ഭാഗത്തും കാന നിർമ്മിക്കുന്നതിനാൽ വലിയവാഹനങ്ങൾ എത്തിയാൽ കാൽനട യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നൂറിലധികം ടോറസുകളും ടിപ്പറുകളും വഴിയിൽ പാർക്കുചെയ്ത് ടേൺഅനുസരിച്ച് മണ്ണെടുക്കുകയാണ്. മറ്റു വാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകുവാൻപോലും കഴിയാത്ത സ്ഥിതിയാണ്. വട്ടപ്പാറയിൽനിന്ന് പുറപ്പെടുന്ന കൈലാസനാഥൻ ബസ് 40 ലധികം യാത്രക്കാരും വിദ്യാർത്ഥികളുമായി ഇന്നലെ രാവിലെ 8.15ഓടെ സമീപത്തുള്ള രണ്ടടി താഴ്ചയുള്ള കാനയിലേക്ക് മറിഞ്ഞെങ്കിലും റോഡിന്റെ തിട്ടയിൽ ചരിഞ്ഞുനിന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടമുണ്ടായി നിമിഷങ്ങൾക്കകം ടിപ്പർലോറികൾ പരിസരത്തുനിന്ന് അപ്രത്യക്ഷമായി.
* പുതുവഴിതേടി മണ്ണ് മാഫിയ
കുന്നിടിച്ചുള്ള പൂഴിമണ്ണ് വില്പനയ്ക്ക് വിലക്ക് വന്നതോടെയാണ് മണ്ണ്കടത്താൻ മാഫിയ പുതുവഴി തേടിയത്. വീട് വയ്ക്കാനുള്ള അനുമതിക്കൊപ്പം നിശ്ചിത അളവിൽ മണ്ണെടുക്കാൻ പഞ്ചായത്ത് നൽകുന്ന അനുമതി മണ്ണ് മാഫിയയ്ക്കാണ് ചാകരയായത്. മഴശക്തമായി മണ്ണൊലിപ്പ് വർദ്ധിച്ചതോടെ പരിസരത്തെ വീടുകളും അപകടാവസ്ഥയിലാണ്. ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.
എടക്കാട്ടുവയലിൽ മണ്ണുഖനനം വ്യാപകം
1 നാലാംവാർഡിൽ ആറുമാസംമുമ്പ് മണ്ണിടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
2 അഞ്ചാംവാർഡിൽ അനധികൃതമായ മണ്ണെടുപ്പിനെ തുടർന്ന് തോട് അടഞ്ഞു പോയതിനാൽ റോഡും കാനയും ഒലിച്ചുപോയി
3 ദുരന്തങ്ങൾ വ്യാപകമായിട്ടും മണ്ണെടുപ്പ് ശക്തമാണ്.
8000മെട്രിക് ടൺ മണ്ണെടുക്കുന്നതിനാണ് അപേക്ഷ നൽകിയത്. പഞ്ചായത്ത് നൽകിയത് 4000മെട്രിക് ടൺ മണ്ണെടുക്കുന്നതിനുള്ള അനുമതിയാണ്. ലൈഫ്‌മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മാണം നടത്തുന്നതിന് മണ്ണെടുക്കേണ്ട ആവശ്യകത ഉള്ളതിനാൽ മണ്ണെടുപ്പ് നിരോധിക്കാൻ കഴിയാത്ത അവസ്ഥയാണ്. അനധികൃതമായി മണ്ണെടുക്കുന്നുണ്ടോ എന്നറിയാൻ രണ്ടുവട്ടം സെക്രട്ടറി സ്ഥലം പരിശോധിച്ചിട്ടുണ്ട്. അനധികൃത മണ്ണെടുപ്പ് നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.
ജയകുമാർ, പ്രസിഡന്റ്
എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്