കൊച്ചി: ഹേമ റിപ്പോർട്ടിലെ ഇരുട്ടിലായ പേജുകളിൽ നിന്ന് പല തിമിംഗിലങ്ങളും പുറത്തുവരാനുണ്ടെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. പുറത്തുവിട്ട ചുരുക്കം കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ തെറിച്ചുവീണത്. ഇതിൽ പലരും ജനമദ്ധ്യത്തിൽ ഇന്നലെവരെ ചിന്തകന്മാരായി നടന്നവരാണ്, താനടക്കമുള്ളവരുടെ ഹൃദയത്തിൽ നായക പരിവേഷമുണ്ടായിരുന്നവരാണ്. പലരുമായും അടുത്ത സ്‌നേഹബന്ധമുണ്ട്. ചിലരുടെ കൃതികൾക്ക് അവതാരികയെഴുതുകയെന്ന ദൗർഭാഗ്യവും ഉണ്ടായിട്ടുണ്ട്. 'നിന്റെ ബിംബങ്ങളെ നീ തൊട്ടുനോക്കരുത്, അതിന്റെ പൂച്ച് നിന്റെ കൈവിരലിൽ ഒട്ടിനിൽക്കു"മെന്ന് വായിച്ചതാണ് ഓർമ്മിക്കുന്നത്. സർക്കാർ ഇരയുടെ ഒപ്പമെന്ന് പറയുന്നുണ്ടെങ്കിലും അനുഭവത്തിൽ മറിച്ചാണ്. കമ്മിഷന് പകരം കമ്മിറ്റി രൂപീകരിപ്പോൾ തന്നെ ആദ്യപാപം സംഭവിച്ചു. പല്ലും നഖവും പിഴുകയായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സബർമതി പഠനകേന്ദ്രം സംഘടിപ്പിച്ച 'വെള്ളിത്തിരയിലെ വിലാപങ്ങൾ" ചർച്ചയിൽ സംസാരിക്കുകയായിരുന്നു അപത്മനാഭൻ.