കൊച്ചി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം പാലം മുതൽ അടിമാലി ഇരുമ്പുപാലം വരെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കാൻ ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഇടുക്കി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. യാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ ഏതെല്ലാമെന്ന് കളക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തണം. ഇവ വെട്ടിനീക്കാൻ വനം അധികൃതരെയോ ട്രീ കമ്മിറ്റിയെയോ ചുമതലപ്പെടുത്തണം. അടിമാലി സ്വദേശി സന്തോഷ് മാധവന്റെ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂലായ് 16ന് ഉത്തരവിറക്കിയിട്ടുള്ളതാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.