കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയ രേഖകൾ തിരികെക്കിട്ടുംവരെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകാനുള്ള നടപടികൾ നീളും. വായ്‌പാ തട്ടിപ്പുകേസിലെ പ്രതികളുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിച്ച് ലഭിക്കുന്ന തുക നിക്ഷേപകർക്കായി മുതൽകൂട്ടാനും കാത്തിരിക്കേണ്ടിവരും.
കരുവന്നൂർ വായ്‌പാതട്ടിപ്പിൽ ക്രൈംബ്രാഞ്ച് 2021 ജൂലായിലും ഇ.ഡി ആഗസ്റ്റിലും അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്കിലും പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തിയ ഇ.ഡി നൂറുകണക്കിന് രേഖകൾ പിടിച്ചെടുത്തു. ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത രേഖകളും ഇ.ഡി വാങ്ങിയിരുന്നു. ഇവയും ഇ.ഡി പിടിച്ചെടുത്ത ബാങ്ക് രേഖകളും ഉൾപ്പെടെ 38 ഫയലുകൾ കോടതി ഉത്തരവിലൂടെ ക്രൈംബ്രാഞ്ച് വാങ്ങി. ഇനിയും ഫയലുകൾ നൽകാനുമുണ്ട്.
കൈമാറിയ ഫയലുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചശേഷം തിരിച്ചുകിട്ടി കോടതിയിൽ ഹാജരാക്കിയാലേ നിക്ഷേപർക്ക് തുകനൽകാനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയൂവെന്ന് ഇ.ഡി വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു. നിക്ഷേപകർക്ക് തുക തിരികെനൽകാൻ തയ്യാറാണെന്ന് കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിൽ കഴിഞ്ഞ ഏപ്രിൽ 15ന് ഇ.ഡി അറിയിച്ചിരുന്നു. നിക്ഷേപം ആവശ്യപ്പെട്ട് കരുവന്നൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയിലാണ് നടപടികൾ.
കോടതി മേൽനോട്ടം വഹിക്കും
കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിച്ച് നിക്ഷേപത്തുക തിരിച്ചുനൽകാൻ ഹൈക്കോടതി, പി.എം.എൽ.എ കോടതി എന്നിവയ്ക്ക് ഉത്തരവിടാം. അതിനായി അസറ്റ് ഡിസ്‌പോസിംഗ് കമ്മിറ്റിയെ (എ.ഡി.സി) കോടതി നിയോഗിക്കും. നിക്ഷേപകരുടെ അപേക്ഷകൾ പരിശോധിച്ച് നൽകേണ്ട തുക എ.ഡി.സി തീരുമാനിക്കും. കോടതിയുടെ അനുമതിയോടെയാകും നിക്ഷേപകർക്ക് തുക കൈമാറുക.
കൊൽക്കത്തയിലെ റോസ് വാലി തട്ടിപ്പുകേസിൽ ഈ രീതിയിലാണ് നിക്ഷേപം തിരികെ നൽകിയത്.
കണ്ടുകെട്ടിയത് 88.58 കോടി
കേസിലെ പ്രതികളിൽനിന്ന് 88.58 കോടിരൂപയുടെ സ്വത്തുക്കൾ ഇ.ഡി പിടിച്ചെടുത്തിരുന്നു. പ്രതികളുടെയും ബിനാമികളുടെയും കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ തുടരുകയാണ്.