
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കാവാക്കാട്ടിൽ ഇടിമിന്നലേറ്റ് പശു ചത്തു. കാവക്കാട് കൊടക്കല്ലിൽ ജോസിന്റെ എട്ട് ലിറ്റർ പാൽ കറവയുള്ള പശുവാണ് ഇന്നലെ വെളുപ്പിനെ നാലിന് ഇടിമിന്നലേറ്റ് തത്ക്ഷണം ചത്തത്. ഇടിമിന്നലിന്റെ ശക്തിയിൽ ജോസിന്റെ ഭാര്യ ലീലാമ്മ ഉറങ്ങിക്കിടന്നിരുന്ന മുറിയിൽ വലിയ തീഗോളമുണ്ടാകുകയും വയറിംഗും ഫാനും ഉൾപ്പെടെയുള്ളവ കത്തിനശിക്കുകയും ചെയ്തു. ഇടിമിന്നലിൽ വലിയ നഷ്ടമാണ് ജോസിന്റെ കുടുംബത്തിന് സംഭവിച്ചത്. പശുവിനെ ഇൻഷ്വർ ചെയ്യാത്തതിനാൽ ആ ഇനത്തിൽ നഷ്ടപരിഹാരം ലഭിക്കുകയും ഇല്ല. ഇത് ഒരു പ്രകൃതി ദുരന്തമായി കണ്ട് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ജോസിന്റേയും ലീലാമ്മയുടേയും ആവശ്യം. ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് സത്വര നടപടി സ്വീകരിക്കണമെന്നും ജോസ് ആവശ്യപ്പെട്ടു.