തോപ്പുംപടി: ഹോംസ്റ്റേകളുടെ മാർക്കറ്റിന് ടൂറിസംവകുപ്പ് കൂടുതൽ തുക ചെലവഴിക്കണമെന്നും അനധികൃത ഹോംസ്റ്റേകളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി സംസ്ഥാന സെമിനാർ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് . എം എൽ എ മുഖ്യപ്രഭാഷണം നടത്തി.
കേരള ഹാറ്റ്സ് ഡയറക്ടർ എം.പി. ശിവദത്തൻ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ജോയിൻ്റ് ഡയറക്ടർ ജി. എൽ. രാജീവ് , ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. മുരളീധര മേനോൻ, ഷാജി കുറുപ്പശേരി, സാദിക് അലി, പി.വി. വർഗീസ് എന്നിവർ പ്രസംഗിച്ചു. കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. തങ്കച്ചൻ, കുമ്പളങ്ങി സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ഉഷ പ്രദീപ് എന്നിവരെ ഹൈബി ഈഡൻ എം. പി ആദരിച്ചു. ഡിജിറ്റലൈസേഷൻ ഒഫ് കേരള ഹാറ്റ്സ് എന്ന വിഷയത്തിൽ റാഫേൽ ഹെർമിൻ ക്ലാസെടുത്തു.
സംസ്ഥാനത്തെ സാധാരണക്കാർക്കും വീട്ടമ്മമാർക്കും കുറഞ്ഞ ചെലവിൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന മേഖലയാണ് ഹോംസ്റ്റേ സംരംഭം. സ്വന്തം വീടിന്റെ ഒന്നോ രണ്ടോ മുറികൾ വിദേശികളും സ്വദേശികൾക്കും താമസിക്കുന്നതിനായി മാറ്റിവയ്ക്കണം. സംസ്ഥാനത്ത് അയ്യായിരത്തിലേറെ ഹോംസ്റ്റേകളാണ് പ്രവർത്തിച്ചുവരുന്നത് . ക്ലാസിഫിക്കേഷൻ ഉള്ള ഹോംസ്റ്റേകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമാണ്. അതിനാൽ ക്ലാസ്സിഫിക്കേഷൻ വ്യവസ്ഥയിലെ നിബന്ധനകൾ ലഘൂകരിക്കാൻ ടൂറിസംവകുപ്പ് തയ്യാറാകണം. സർക്കാരും ടൂറിസം വകുപ്പും ഹോംസ്റ്റേകളുടെ പ്രോത്സാഹനത്തിനും വിദേശത്തും സ്വദേശത്തും ഇവ മാർക്കറ്റ് ചെയ്യുന്നതിനും കൂടുതൽ തുക ചെലവഴിക്കണം.