നെടുമ്പാശേരി: സംസ്ഥാനത്തെ ടൂറിസം സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കാൻ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് കേരള ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം (കെ.ടി.ടി.സി) സംഘടിപ്പിക്കുന്ന മെഗാ ടൂറിസം ബി 2 ബി മീറ്റ് 'തുഷാർ 2024" നാളെ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് പ്രസിഡന്റ് മനോജ് എം. വിജയ് അറിയിച്ചു.

ഇന്ത്യയിലെയും വിദേശത്തെയും ടൂർ കമ്പനികൾ, ഡി.എം.സികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വിമാനക്കമ്പനികൾ, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയവയുടെ 200ൽ അധികം സ്റ്റാളുകൾ പങ്കെടുക്കും. ടൂറിസത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ശില്പശാലയും നടക്കും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കമ്പനികളുമായി നേരിട്ട് ബിസിനസ് നടത്താൻ കേരളത്തിലെ ട്രാവൽ ഏജന്റുമാരെയും ടൂർ ഓപ്പറേറ്റർമാരെയും പ്രാപ്തരാക്കുകയാണ് മേളയുടെ മുഖ്യലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 5000ലേറെപ്പേർ പങ്കെടുക്കും.

നാളെ രാവിലെ ഒമ്പതിന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സമാപന സമ്മേളനത്തിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയാകും.
കെ.ടി.ടി.സി ട്രഷറർ ഡെന്നി ജോസ്, അനു ജോസ്, ജെബിൻ ബ്ലൂ ഗ്രാസ്, സന്ധ്യ വർമ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സൗജന്യ രജിസ്‌ട്രേഷന്: 7994292337.