ആലുവ: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിന് ശ്രദ്ധക്കുറവുണ്ടെന്ന് വിവരാവകാശ കമ്മീഷന്റെ അപ്പീൽ അധികാരിയുടെ വിലയിരുത്തൽ. വിഷയം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് എറണാകുളം അസി. ഡയറക്ടറും അപ്പീൽ അധികാരികാരിയുമായ കെ.വി. മനോജ് ഉത്തരവിട്ടു. പഞ്ചായത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുൽ നൽകിയ അപ്പീലിലാണ് ഉത്തരവ്. പഞ്ചായത്തിലെ മാരിയിൽ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി ദൃശ്യം വേണമെന്ന അപേക്ഷ നിരസിച്ചതിലായിരുന്നു തർക്കം.പൊതുസ്ഥലത്തെ ദ്യശ്യങ്ങൾ കൈമാറുന്നതിൽ ഉന്നയിച്ച തടസവാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.