ആലുവ: ദേശീയപാതയിൽ ആലുവ മേൽപ്പാലത്തിനടിയിലെ അനധികൃത പേ ആൻഡ് പാർക്കിനും നഗരസഭ അധികൃതരുടെ അഴിമതിക്കുമെതിരെ ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി, നേതാക്കളായ ഇല്ലിയാസ് അലി, രമണൻ ചേലാക്കുന്ന്, ആർ. സതീഷ് കുമാർ, എൻ.വി. രത്‌നകുമാർ, വി.പി. രാധാകൃഷ്ണൻ, ജോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ദേശീയപാത അതോറിട്ടിയുടെ ഒഴിപ്പിക്കൽ ഉത്തരവ് മറച്ചുവച്ചാണ് പേ ആൻഡ് പാർക്ക് നടത്തുന്നതിന് അനുമതി നൽകിയതെന്ന് സമരക്കാർ ആരോപിച്ചു.
പരസ്യമായി ചോദ്യമുന്നയിച്ച് ബി.ജെ.പി
ആലുവ: നഗരസഭ കൗൺസിലിൽ രേഖാമൂലമുള്ള ചോദ്യങ്ങൾ അനുവദിക്കാത്തതിനെതിരെ ബി.ജെ.പി പ്രതീകാത്മകമായി നഗരസഭ കാര്യാലയത്തിൽ ചോദ്യ ബോർഡ് സ്ഥാപിച്ചു. ഒരു കൗൺസിലർക്ക് കൗൺസിലിന് ഏഴ് ദിവസം മുമ്പ് രണ്ട് ചോദ്യങ്ങൾ എഴുതി നൽകാമെന്നും അവ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്താമെന്നുമാണ് മുനിസിപ്പൽ ആക്ട് പറയുന്നത്. പക്ഷെ ഇവിടെ ചോദ്യങ്ങളിൽ നിന്ന് ചെയർമാൻ ഒളിച്ചോടുകയും ചോദ്യം കൗൺസിലിൽ അനുവദിക്കുന്നില്ലെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
ഇതിനെതിരെ ജനങ്ങൾ അറിയേണ്ട നാല് ചോദ്യങ്ങൾ അടങ്ങിയ ബോർഡാണ് നഗരസഭക്ക് മുന്നിൽ സ്ഥാപിച്ചത്. ആലുവ ശതാബ്ദി ആഘോഷത്തിന്റെ വരവ് ചിലവ് കണക്കുകൾ എന്തുകൊണ്ട് കൗൺസിലിൽ വെക്കുന്നില്ല, ഇതിനായി തനത് ഫണ്ടിൽ നിന്ന് എത്ര ചെലവഴിച്ചു, എത്ര ബയോബിന്നുകൾ നൽകിയിട്ടുണ്ട്, മാർക്കറ്റ് പണിയുന്നതിനായി അവിടുത്തെ വ്യാപാരികളിൽ നിന്ന് മുൻകൂറായി വാങ്ങിയ തുക എത്ര, ഏത് അക്കൗണ്ടിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.