പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ പറമ്പിപ്പീടികയ്ക്ക് സമീപം സർക്കാർ പുറമ്പോക്കിലെ മണിപ്പാറ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് മുന്നോടിയായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ചുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ത്രിവേണി, 606 ഭാഗത്തെ മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്കാണ് മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടമായി മാറുന്നത്. വെള്ളച്ചാട്ടത്തിന് മദ്ധ്യത്തിലുള്ള ചുണ്ടൻവള്ളത്തിന്റെ ആകൃതിയിലുള്ള മണിപ്പാറയിൽ കല്ലുകൊണ്ടടിച്ചാൽ മണിനാദം കേൾക്കാൻ സാധിക്കും.
എം.സി റോഡിൽ കീഴില്ലം സെന്റ് തോമസ് സ്‌കൂൾ ജംഗ്ഷനിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരെ പറമ്പിപ്പീടികയ്ക്കും ത്രിവേണിയ്ക്കും ഇടയ്ക്കാണ് മണിപ്പാറ. മഴക്കാലത്ത് വലിയ വഴുക്കൽ പ്രദേശമായതിനാൽ വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലം കൂടിയാണ് മണിപ്പാറ. കാടുകയറിക്കിടക്കുന്നതിനാൽ ഇവിടെയെത്താൻ ബുദ്ധിമുട്ടാണ്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
റോഡ് നിർമ്മാണ പ്രവർത്തികൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷനായി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ഗോപിനാഥ്, വാർഡ് മെമ്പർമാരായ എ.ആർ. അഞ്ജലി , ജോയി പതിക്കൽ, ടിൻസി ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. എൽദോസ് തുടങ്ങിയവർ സംസാരിച്ചു.