മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരറോഡ് വികസനം തടസങ്ങളില്ലാതെ ത്വരിതഗതിയിലാക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിവേദനം നൽകാനെത്തിയ നഗരവികസന ജനകീയ സമിതി ഭാരവാഹികൾക്ക് ഉറപ്പു നൽകി. ജനകീയ സമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, എസ്. മോഹൻദാസ്, പ്രമോദ്കുമാർ മംഗലത്ത്, സുർജിത് എസ്തോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, കേരള ബാങ്ക് പ്രസിഡന്റും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തൊണ്ണൂറായിരത്തോളം ഒപ്പുകളും നൂറ്റി രണ്ട് സംഘടനകളുടെ പിന്തുണയും ജനകീയ വികസന സമിതിയുടെ ഒപ്പ് ശേഖരണത്തിന് ലഭിച്ചിരുന്നു. വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അൽപം വൈകിയാണെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
ഇതോടൊപ്പം ഭൂമിയേറ്റെടുക്കൽ പൂർത്തിയായ മുറിക്കല്ല് ബൈപ്പാസിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്നും സാമ്പത്തികാനുമതി ലഭിച്ച് ഒന്നര വർഷം കഴിഞ്ഞും ചീഫ് എഞ്ചിനീയറുടെ അനുമതിക്ക് കാത്തിരിക്കുന്ന വള്ളക്കാലിൽ കവലയിൽ നിന്നാരംഭിച്ച് മുറിക്കല്ല് ബൈപാസിൽ സന്ധിക്കുന്ന ലിങ്ക് റോഡിന്റെ നിർമ്മാണത്തിന് വേണ്ട തുടർനടപടികൾ എടുക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. നിർമ്മാണത്തിനായി 450 കോടി അനുവദിച്ചെങ്കിലും മരവിപ്പിച്ച മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡ് പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നും നിയമതടസം നീങ്ങിയ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ - തേനി റോഡിന്റെ ഭാഗമായി ചാലിക്കടവ് റോഡിൽ നിന്ന് മൂവാറ്റുപുഴ - തൊടുപുഴ റോഡിലേയ്ക്കുള്ള ലിങ്ക് റോഡിന്റെ അനുമതിയും നൽകി മൂവാറ്റുപുഴ നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.