കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ മുകേഷിന്റെ അറസ്റ്റ് സെപ്തംബർ മൂന്നു വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മൂന്നിന് വിശദ വാദം നടക്കും.
സിനിമകളിൽ അവസരവും അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 2009ൽ മരടിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്.
രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും സിനിമാ അവസരങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത പരാതിയെന്നാണ് മുകേഷിന്റെ വാദം. 15 വർഷത്തിനു ശേഷമാണ് പരാതിപ്പെടുന്നത്. വാദങ്ങൾ തെറ്റാണെന്ന് 2009 മാർച്ച് ഏഴിന് യുവതി അയച്ച ഇ-മെയിൽ തെളിയിക്കുന്നു. സഹായിക്കുന്നതിന് നന്ദി അറിയിക്കുന്ന മെയിലിൽ തന്റെ വൈവാഹിക പ്രശ്‌നങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെയും ഒരുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള വാട്‌സാപ് സന്ദേശത്തിന്റെയും പകർപ്പുകൾ ഹാജരാക്കി.