
കൊച്ചി: പൊതുയിടങ്ങളിൽ അപകടകരമായി സ്ഥാപിച്ച കേബിളുകൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിശദീകരിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദ്ദേശിക്കണമെന്നാണ് തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പ് ഗവ. സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയത്. 2022 ജൂണിൽ കേബിൾ കുരുങ്ങി അലൻ ആൽബർട്ട് മരിച്ച സംഭവത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്.