അങ്കമാലി: പാലക്കാട് പുതിയ സ്മാർട്ട് സിറ്റി പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ സാഹചര്യത്തിൽ സമാന രീതിയിൽ അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിക്കാവശ്യമായ ഭൂമി അടിയന്തരമായി ഏറ്റെടുത്ത് പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണണമെന്ന് റോജി എം. ജോൺ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര അംഗീകാരം ലഭിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയൂ. ബാംഗ്ലൂർ-കോയമ്പത്തൂർകൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ പ്രാഥമിക വിജ്ഞാപനം 2020 ൽ തന്നെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോയെങ്കിലും നാളിതുവരെ ഭൂവുടമകൾക്ക് പണം ലഭ്യമായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നത് കൊണ്ട് പ്രദേശവാസികൾക്ക് വസ്തു ക്രയവിക്രയം ചെയ്യാനോ വസ്തു പണയപ്പെടുത്തി വായ്പ എടുക്കാനോ സാധിക്കുന്നില്ല. പ്രസ്തുത ഭൂമി അടിയന്തരമായി ഏറ്റെടുത്ത് ജനങ്ങൾക്കുണ്ടായിരിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.