കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത വൈദികരുടെ പേരുകൾ പുറത്തുവിടാൻ സിറോമലബാർസഭാ സിനഡ് തീരുമാനിക്കണമെന്ന് സംയുക്ത സഭാസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കുറ്റക്കാരായ വൈദികരെയും സഭയിൽ നിന്നു പുറത്താക്കാൻ സിനഡ് ധൈര്യം കാണിക്കണം. തീരുമാനങ്ങൾ നടപ്പാക്കാൻ വൈകുന്നത് കുറ്റവാളികൾ രക്ഷപ്പെടുന്നതിനും അതിരൂപതയുടെ നാശത്തിനും കാരണമാകും. കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ മത്തായി മുതിരേന്തി അദ്ധ്യക്ഷത വഹിച്ചു. വിത്സൻ വടക്കുഞ്ചേരി, ബേബി പൊട്ടനാനി, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ജോസ് മാളിയേക്കൽ, പോൾ ചിതലൻ, ഷാജി തെക്കൻ എന്നിവർ സംസാരിച്ചു.
ചാട്ടവാർ പ്രതിഷേധം
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ ) പ്രതീകാത്മകമായി ചാട്ടവാർ വീശി ചാൻസലറെ പുറത്താക്കി പ്രതിഷേധിച്ചു. സഭയുടെ രേഖകൾ ചോർത്തിയവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സി.എൻ.എ ചെയർമാൻ ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പോൾസൺ കുടിയിരിപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബൈജു ഫ്രാൻസിസ്, സിബി സെബാസ്റ്റ്യൻ, ലാലി ജോസ് ഡേവീസ് ചൂരമന, ബേബി ചിറ്റിലപ്പിള്ളി, എം.എ. ജോർജ്, രമി പൗലോസ്, ഷൈബി പാപ്പച്ചൻ, എൻ.പി. ആന്റണി, ബിജോ കണ്ണമ്പുഴ, ബിജു ആന്റണി എന്നിവർ സംസാരിച്ചു.