കാക്കനാട്: വന്യമൃഗ ശല്യം വനാതിർത്തിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചിട്ടും സർക്കാർ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വനാതിർത്തിയിൽ നിന്ന് 50 മീറ്റർ ഉള്ളിൽ ട്രഞ്ച് താഴ്ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് കർഷക കോഓർഡിനേഷൻ കിഴക്കൻമേഖല കമ്മിറ്റി എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ സമരാഗ്നി സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനയുടെ പ്രതീകാത്മക രൂപം വഹിച്ച് ജനങ്ങൾ നഗരത്തിൽ പ്രകടനവും നടത്തി. കർഷക കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനും യു.ഡി.എഫ് ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ്, ഉമാതോമസ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക്ക് പ്രസന്റേഷൻ, കർഷകകോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, സ്വതന്ത്ര കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എം. അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.