കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തിലെ ഗ്രൂപ്പ് ഐറ്റത്തിന് ഗ്രേസ് മാർക്ക് നൽകുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജ് വിദ്യാർത്ഥി കെ.എസ്. അശ്വിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്. ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടർന്ന് വി.സി ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച സർട്ടിഫിക്കറ്റുകളിൽ അദ്ദേഹം ഒപ്പ് വയ്ക്കണമെന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെ ആവശ്യവും കോടതി നിരാകരിച്ചു.
10 മുതൽ 12 പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് മത്സരവിജയികളിൽ എല്ലാവർക്കും 6 ശതമാനം മാർക്ക് അധികമായി ലഭിക്കും. ഇതുവഴി അനർഹർക്കും ഗ്രേസ് മാർക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നു. വ്യക്തഗതമികവിനെ ഇതു ബാധിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഗ്രേസ് മാർക്ക് കിട്ടാൻ വിദ്യാർത്ഥികളെ കൂട്ടത്തോടെ ഗ്രൂപ്പ് ഇവന്റുകളിൽ പങ്കെടുപ്പിച്ചെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് വി.സി ഗ്രൂപ്പ് മത്സര വിജയികളുടെ സർട്ടിഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചത്. തുടർന്ന് പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയ സിൻഡിക്കേറ്റ് ഉപസമിതി പട്ടിക അംഗീകരിക്കണമെന്ന റിപ്പോർട്ടാണ് വി.സിക്ക് നൽകിയിരുന്നത്.
സാമ്പത്തിക പ്രതിസന്ധി:
പദ്ധതി വിഹിതം പകുതിയാക്കും
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസഹായം ലഭിക്കാത്തതിനാൽ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം പദ്ധതി വിഹിതം പകുതിയാക്കും. ഇതിന്റെ മാർഗ നിർദ്ദേശങ്ങൾ ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു.
2024-25ലെ പദ്ധതികളെ 10 കോടിക്ക് മുകളിലും താഴെയുമെന്ന് തിരിക്കും. പത്തുകോടിക്ക് മുകളിലുള്ള പദ്ധതികൾ ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറി എന്നിവരും പത്തുകോടിക്ക് താഴെയുള്ളവ വകുപ്പ് സെക്രട്ടറിയും പരിശോധിച്ച് പകുതിയായി കുറയ്ക്കും.ഇത് ആസൂത്രണബോർഡ് അംഗങ്ങൾ അംഗീകരിക്കുന്ന മുറയ്ക്ക് വിഹിതം കുറയ്ക്കും.നിലവിലെ പദ്ധതികൾക്കും ഇത് ബാധകമാവും. മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച മുൻഗണനാപദ്ധതികളെ ഒഴിവാക്കി. അവ നിശ്ചിത സമയത്തിനകം പൂർത്തിയാക്കും.
ഇതിന് പുറമെ ജൂലൈ15 മുതൽ ഓക്ടോബർ 22വരെ നിശ്ചയിച്ച നാലാം നൂറുദിന പരിപാടികൾ നിശ്ചിതസമയത്ത് പൂർത്തിയാക്കും.1070 പദ്ധതികളാണുള്ളത്. ഇവയുടെ നടത്തിപ്പിന് ചൂരൽമല, മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്കുള പദ്ധതികൾ ഉൾപ്പെടെ 30,470കോടിയുടെ പദ്ധതികളാണ് 2024-25ൽ നടത്തുന്നത്. പുറമെ 8516.91കോടിയുടെ കേന്ദ്രപദ്ധതികളുമുണ്ട്. കേന്ദ്രപദ്ധതികളുടെ നടത്തിപ്പിന് തീരുമാനം തടസ്സമാകില്ല.സംസ്ഥാന പദ്ധതി നിർവ്വഹണത്തിൽ 15.86% മാത്രമാണ് പുരോഗതി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞവർഷവും സാമ്പത്തിക ഞെരുക്കം പദ്ധതികളെ ബാധിച്ചിരുന്നു. 75.2% മാത്രമാണ് 2023-24ൽപൂർത്തിയായത്. അതും കണക്കിലെടുത്താണ് ഇൗ വർഷം അനിവാര്യമായവ പൂർത്തിയാക്കാനുള്ള തീരുമാനം.
ഖാദർ കമ്മിറ്റി റിപ്പോർട്ട്
അംഗീകരിക്കില്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ പ്രതിപക്ഷം സഹകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി, സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരു പുനർവായന" സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ പാഠ്യപദ്ധതികളെക്കുറിച്ച് പരാമർശങ്ങളുണ്ടെങ്കിലും കാര്യമായ പഠനം റിപ്പോർട്ടിലില്ലെന്നും എ.ഐയുടെ കാലത്ത് ദീർഘവീക്ഷണമില്ലാതെ തയാറാക്കിയ റിപ്പോർട്ടാണിതെന്നും അച്യുത് ശങ്കർ എസ്.നായർ പറഞ്ഞു.