കൊച്ചി: കമ്മിഷൻ തുക ലഭിക്കണമെങ്കിൽ സമരം ചെയ്യേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ആഗസ്റ്റ് മാസം തീരാറായിട്ടും ജൂലായ് മാസത്തെ കമ്മിഷൻ തുക ഇതുവരെ ലഭിച്ചിട്ടില്ല. 28 കോടി രൂപയാണ് കമ്മിഷൻ തുക. ഒരു വ്യാപാരിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മിഷൻ ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകളേറെയായതിനാൽ ഇവിടെയുള്ള വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത.
100 ക്വിന്റൽ അരി വിറ്റാൽ 27,000 രൂപയാണ് കമ്മിഷൻ. ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നല്കാത്തതിനാൽ പല താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അന്വേഷണം വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്‌പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരേറെയാണ്. കഴിഞ്ഞ നവംബർ മുതലാണ് വേതനം പതിവായി വൈകുന്നത്. അഞ്ചാം തീയതിക്കുള്ളിൽ കമ്മിഷൻ തുക നൽകിയിരുന്നതാണ് ഇപ്പോൾ രണ്ട് മാസത്തോളമായി മുടങ്ങിയിരിക്കുന്നത്. ഭക്ഷ്യവകുപ്പിൽ നിന്ന് ഫയലുകൾ കൃത്യമായി നീങ്ങിയാലും ധനകാര്യ വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് കമ്മിഷൻ വൈകാൻ കാര്യമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം വരെ റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഓണക്കിറ്റുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുമായി ഇതുവരെ യാതൊരു ആലചനകളും സ്വീകരിച്ചിട്ടില്ല. എന്നാൽ കൊവിഡ് കാലത്തെ കിറ്റ് കമ്മിഷൻ തുക പൂർണമായി ലഭിക്കാതെ ഓണക്കിറ്റ് വിതരണം നടത്തില്ല. സപ്ലൈകോ വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വരുന്നുണ്ട്. ഇതിന് തങ്ങൾ എതിരല്ലെന്നും വ്യാപാരികൾ പറയുന്നു.
11നുള്ളിൽ കിറ്റ് കമ്മിഷൻ
കൊവിഡ് കാലത്ത് 13 മാസത്തെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ സെപ്തംബർ 11ന് നൽകണമെന്നാണ് ഹൈക്കോടതി വിധി. ഈ തുക കോടതി പറഞ്ഞ സമയത്തിനുള്ളിൽ നൽകണമെന്നും അതത് മാസത്തെ വേതനം കൃത്യമായി നൽകണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ ഭക്ഷ്യമന്ത്രിയെ അടുത്ത ആഴ്ച നേരിൽ കാണും. 48 കോടി രൂപയാണ് ഈ ഇനത്തിൽ സർക്കാർ നൽകാനുള്ളത്. പറഞ്ഞ സമയത്തിന് കമ്മിഷൻ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകാനാണ് വ്യാപാരികളുടെ തീരുമാനം. ആദ്യം കേസിൽ കക്ഷി ചേർന്ന ആറ് വ്യാപാരികൾക്ക് സർക്കാർ കമ്മിഷൻ തുക നൽകി. 13 മാസമാണ് കിറ്റ് വിതരണം ചെയ്തത്.
കൊവിഡ് കാലത്തെ കമ്മിഷൻ 48 കോടി
ഏപ്രിൽ മാസത്തെ കമ്മിഷൻ 28 കോടി
ആകെ റേഷൻ വ്യാപാരികൾ 14167
ജനങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് വ്യാപാരികൾ ഏതിരല്ല. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ കമ്മിഷൻ വിതരണം സർക്കാർ കൃത്യമായി നൽകാത്തതാണ് പ്രതിഷേധാർഹം
എൻ. ഷിജീർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ