കൊച്ചി: വിശാഖപട്ടണം കപ്പൽശാലയിലെ ചാരവൃത്തിക്കേസിൽ കൊച്ചി കപ്പൽശാലയിൽ നിന്ന് എൻ.ഐ.എ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മൂന്നുപേരെ നാളെ വീണ്ടും ചോദ്യം ചെയ്യും. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 16 സ്ഥലങ്ങളിൽ ബുധനാഴ്‌ച നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.
കൊച്ചി കപ്പൽശാലയിലെ വെൽഡറും ഫിറ്ററുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക് ശോഭനൻ, രണ്ടു ട്രെയിനികൾ എന്നിവരെയാണ് ഹൈദരാബാദ് എൻ.ഐ.എ സംഘം ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. ഇവർ ശനിയാഴ്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകണം. വിശാഖപട്ടണം കപ്പൽശാലയിലെ സുപ്രധാന രേഖകൾ പാക് ചാരവനിതയ്ക്ക് കൈമാറിയെന്ന കേസിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശി ആകാശ് സോളങ്കിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ചോദ്യം ചെയ്യുന്നത്.
കേരളം, ഗുജറാത്ത്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിലെ റെയ്ഡിൽ 22 മൊബൈൽ ഫോണുകളും നിർണായക രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു. ചാരപ്രവർത്തനത്തിന് പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയവരുടെ വീടുകളിലും റെയ്ഡ് നടത്തി.
2011 ജനുവരിയിൽ ആന്ധ കൗണ്ടർ ഇന്റലിജൻസ് സെൽ രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന പാക് സ്വദേശി മീർ ബലാജ് ഖാൻ, അറസ്റ്റിലായ ആകാശ് സോളങ്കി എന്നിവരെയാണ് പ്രതി ചേർത്തത്. 2023 ജൂലായ് 19ന് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2023 നവംബർ ആറിന് അനുബന്ധ കുറ്റപത്രത്തിൽ മൻമോഹൻ സുരേന്ദ്ര പാണ്ഡ, ആൽവെൻ എന്നിവരെയും പ്രതി ചേർത്തു. ആൽവെനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പ്രവർത്തകനെ പിടികൂടിയിട്ടില്ല. ഐ.എസ്.ഐയുമായി ബന്ധമുള്ള അമാൻ സലിം ഷെയ്‌ക്കിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ മേയിൽ രണ്ടാം അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിരുന്നു.