ആലുവ: സംസ്ഥാനത്തെ കണ്ടിജന്റ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള മുനിസിപ്പൽ - കോർപ്പറേഷൻ കണ്ടിജന്റ് എംപ്ളോയീസ് കോൺ. (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. രമേശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംഘടനയുടെ 39 -ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച ആലുവ എൽ.എഫ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30ന് സെമിനാർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 2.30ന് വാർഷിക പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ഭാരവാഹികളായ ഡി. രാജ് കുമാർ, ലത്തീഫ് പൂഴിത്തറ, കോതോത്ത് ഭാസ്കരൻ, സി.സി വിശ്വംഭരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.