കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കം പെരുമ്പാവൂർ മുൻസിഫ് കോടതി ഒക്ടോബർ ഒന്നു വരെ സ്റ്റേ ചെയ്തു. നേരത്തെ മുൻസിഫ് കോടതി നൽകിയ സ്റ്റേ ഇന്നലെ അവസാനിച്ചതോടെയാണ് കുടിയൊഴിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയത്. ഒരു വർഷം മുൻപ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കേറ്റ് കമ്മിഷന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർ ഉൾപ്പെടെ എത്തി കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പുനരധിവാസത്തിന് 4 ദിവസം സമയം കൊടുക്കുകയായിരുന്നു. തുടർന്ന് കോളനി നിവാസികൾ മുൻസിഫ് കോടതിയെ സമീപിച്ച് താത്കാലികമായി സ്റ്റേ വാങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം കോളനിയുടെ സമീപത്ത് നില ഉറപ്പിച്ചിരുന്നു. കൂടാതെ അഗ്‌നി രക്ഷാസേന, ജല അതോറിറ്റി, വൈദ്യുതി ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവരെല്ലാം എത്തിയതോടെ കോളനി നിവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12ന് കേസ് ഒക്ടോബർ ഒന്നിലേക്ക് മാറ്റിയ വിവരം അറിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 8 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്