മൂവാറ്റുപുഴ : തടസങ്ങൾ നീക്കി ടൗൺ റോഡിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നടക്കുന്ന പ്രവർത്തികളുടെ ഉന്നതതല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച വിളിച്ചുചേർത്ത കെ.ആർ.എഫ്.ബി , കിഫ്ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലുണ്ടായ തീരുമാനത്തെ തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് മൂവാറ്റുപുഴയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ടെൻഡർ തുക വർദ്ധിപ്പിച്ച് നൽകുന്നതിനും തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. മൂവാറ്റുപുഴയുടെ പൊതു വികസന തടസങ്ങൾ നീക്കാനാണ് എം.എൽ.എ ഉന്നതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്.
വിവിധ വകുപ്പ് മേധാവികളായ പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനിയർ (എൻ.എച്ച്) രാകേഷ് സി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരായ ബ്ലസി ബേബി, ജൂലിൻ ജോസ്, കെ.എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരായ ബീവി ബക്കർ, കെ.എസ്. ടി .പി എക്സിക്യുട്ടീസ് എൻജിയിയർമാരായ റഹ്മത്ത് ബീവി കെ.കെ., കെ .ആർ .എഫ്. ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരായ സിജി കെ.ജെ., എക്യുട്ടീവ് എൻജിനിയർമാരായ മുഹ്സിന എം. , നിംന ഏലിയാസ്, എൽ. എ തഹസിൽദാർ ബേസിൽ കുരുവിള, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.