പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഒക്കൽ ഫാം ഫെസ്റ്റ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നെൽപ്പാടങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും തരിശായി കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഫാമുകളെല്ലാം കൃഷിപാഠശാലകളാകണം. അതിന് ഇത്തരത്തിലുള്ള ഫാം ഫെസ്റ്റുകൾ ഉപകരിക്കും. സംസ്ഥാനത്തെ ഫാമുകളുടെ നവീകരണത്തിനായി 173 കോടി രൂപയുടെ പദ്ധതികൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സനിത റഹിം, എം.ജെ. ജോമി, അംഗങ്ങളായ ഉല്ലാസ് തോമസ്, ഷൈനി ജോർജ്, ഷൈമി വർഗീസ്, അനിമോൾ ബേബി, കെ.വി. രവീന്ദ്രൻ, കെ.കെ. ദാനി, പി.എസ്. ഷിനോ, ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, ഫാം കൗൺസിൽ അംഗങ്ങളായ സി.വി. ശശി, വനജ തമ്പി, വിവിധ സംഘടന നേതാക്കളായ കെ.ഡി. ഷാജി, പോൾ വർഗീസ്, കെ.പി. ലാലു, ഫാം സൂപ്രണ്ട് ഫിലിപ്ജി കാനാട്ട് എന്നിവർ സംസാരിച്ചു