ചോറ്റാനിക്കര: ജലജീവൻ പദ്ധതിയുടെ പൈപ്പിടലിന് വേണ്ടി റോഡുകളിലുണ്ടാക്കിയ കുഴികൾ മൂടാത്തതിനാൽ ഇരുചക്ര, കാൽനട യാത്രക്കാർ ദുരിതത്തിൽ. തിരുവാങ്കുളം - ചോറ്റാനിക്കര പൊതുമരാമത്ത് റോഡിൽ ഇത്തരം കുഴികൾ കാരണം അപകടങ്ങൾ പതിവായി. മൂന്നാഴ്ച മുമ്പ് ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുഴികൾ എടുത്ത് പൈപ്പിട്ടുവെങ്കിലും മണ്ണിട്ട് മൂടി ജല അതോറിറ്റി സ്ഥലം വിടുകയായിരുന്നു. കോൺക്രീറ്റ് രണ്ടുദിവസത്തിനുള്ളിൽ ചെയ്യുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഉദ്യോഗസ്ഥരോ കോൺട്രാക്ടറോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്യുമെന്നാണ് അറിയിച്ചത്.
മഴ ശക്തമായതോടെ റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവാണ്. വെയിൽ വന്നാൽ പൊടി ശല്യവും രൂക്ഷം. ചെളി നിറഞ്ഞ റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴുന്നതും പതിവായി. പ്രഭാത സവാരിക്ക് എത്തുന്നവർക്ക് ചെളി നിറഞ്ഞ റോഡിലൂടെ നടക്കണമെങ്കിൽ സർക്കസ് പഠിക്കണമെന്ന അവസ്ഥയാണ്.
തിരുവാങ്കുളം - ചോറ്റാനിക്കര പൊതുമരാമത്ത് റോഡിൽ ഇന്നലെ അമ്പാടിമല ജംഗ്ഷനിൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ വാഹനം കുഴിയിൽ അകപ്പെട്ടതോടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. പഴയ പൈപ്പുകളും മറ്റും റോഡിൽ പലയിടങ്ങളിലായി കൂട്ടിയിട്ടിട്ടുമുണ്ട്.
ജില്ലാ അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും, ജല അതോറിറ്റി ജീവനക്കാരും നടത്തിയ ചർച്ചയിൽ കുത്തിപ്പൊളിച്ച ഭാഗങ്ങളുടെ പുനർനിർമാണം ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റോഡുകൾ പൂർവസ്ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ
ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തുടങ്ങുന്നതിന് മുൻപായി പഞ്ചായത്ത് ദീർഘവീക്ഷണത്തോടെ ഇടപെടാത്തതിന്റെ ഫലമാണ് റോഡുകളുടെ ദുരവസ്ഥയ്ക്കും മറ്റ് പ്രശ്നങ്ങൾക്കും കാരണം
ഷിൽജി രവി
പഞ്ചായത്ത് അംഗം
കുഴികൾ മണ്ണിട്ട് മാത്രം മൂടിയാൽ പോരാ, ടാറിംഗോ കോൺക്രീറ്റോ ചെയ്യണം.
കോട്ടയത്ത് പാറ, കണിച്ചിറ, അമ്പാടിമല എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡിലൂടെയാണ്
പൈപ്പ് സ്ഥാപിക്കാനുള്ള കുഴിയെടുത്തിരിക്കുന്നത്. മഴ പെയ്തപ്പോൾ സ്റ്റാൻഡ് ചെളി നിറഞ്ഞു. ഓട്ടോറിക്ഷ കുഴിയിൽ താഴുമെന്ന ആശങ്കയുമുണ്ട്.
വി.എൻ. സതീശൻ
ഓട്ടോറിക്ഷ ഡ്രൈവർ
അമ്പാടിമല
ചോറ്റാനിക്കര പഞ്ചായത്തിലെ 11, 12, 2, 3 ഒഴികെയുള്ള പത്തു വാർഡുകളിലെയും ഗ്രാമീണ, പൊതുമരാമത്ത് റോഡുകൾ പലയിടങ്ങളിലും താറുമാറായി കിടക്കുന്നു കണ്യാട്ട് നിരപ്പ് -കത്തനാര് ചിറ റോഡും തലക്കോട് കിടങ്ങയം ഗ്രീൻവാലി റോഡിന്റെ പകുതിയോളവും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നു നാഗപാടി- പാലസ് ക്വയർ റോഡിൽ പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച ഭാഗം മഴ ശക്തമായതോടെ കൂടുതൽ ഇരുന്ന് അപകടക്കുഴികൾ ആയി മാറി