ashiq-abu

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്‌ക നേതൃത്വം കാപട്യം കാണിക്കുന്നെന്ന് ആരോപിച്ച് സംവിധായകൻ ആഷിഖ് അബു അംഗത്വം രാജിവച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സംഘടന പരാജയപ്പെട്ടതായും പറഞ്ഞു.

ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണൻ പ്രതികരിക്കാത്തതിൽ ആഷിഖ് നേരത്തേ പ്രതിഷേധിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാട് നിരാശപ്പെടുത്തി. ഇതിനോട് അതിശക്തമായി വിയോജിച്ചാണ് രാജിവയ്ക്കുന്നത്. ഫെഫ്‌ക രൂപീകരിച്ച 2009 ഒക്ടോബർ മുതൽ അംഗമാണ്. സംവിധായകരുടെ യൂണിയന്റെ നിർവാഹകസമിതി അംഗവുമായിരുന്നു. 2012ൽ ഒരു നിർമ്മാതാവുമായി തനിക്കുണ്ടായ തർക്കത്തിൽ ഇടപെട്ട ഫെഫ്‌ക 20 ശതമാനം തുക കമ്മിഷൻ ആവശ്യപ്പെട്ടു. അംഗങ്ങളിൽ നിന്ന് കമ്മിഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പ്രസിഡന്റ് സിബി മലയിലിനെ ധരിപ്പിച്ചെങ്കിലും വേണമെന്ന് വാശിപിടിച്ചു. താൻ നൽകിയ ചെക്ക് പിന്നീട് സിബി തിരിച്ചുനൽകി. എന്നാൽ തനിക്കൊപ്പം പരാതിപ്പെട്ട രണ്ട് എഴുത്തുകാരിൽ നിന്ന് കമ്മിഷൻ വാങ്ങി. ബാക്കി തുക കിട്ടുന്നതിന് സംഘടന ഇടപെട്ടില്ലെന്നും ആഷിഖ് പറഞ്ഞു.