കോലഞ്ചേരി: കർഷകരുടെ നെഞ്ച് പൊള്ളിച്ച് ജാതിയുടെ വിലയിടിയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ജാതിക്കയ്ക്ക് 100 രൂപയും ജാതിപത്രിക്ക് 300 രൂപയും വില ഇടിഞ്ഞു. സാധാരണ പുതിയ സീസൺ എത്തുന്നതിന് മുമ്പ് ജാതിക്കയുടെ വില ഉയരുന്നതാണ്. എന്നാൽ, ഇത്തവണ വില ഉയർന്നില്ലെന്ന് മാത്രമല്ല ക്വിന്റൽ കണക്കിന് കായും ജാതിപത്രിയും കർഷകരുടെ കൈവശം കിടന്നു നശിക്കുകയുമാണ്. വിദേശ വിപണിയിൽ നിന്ന് ജാതിക്ക എത്തിയതും ആവശ്യം കുറഞ്ഞതും വിലയിടിവിന് കാരണമായി. മരുന്ന്, കറിമസാലകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ജാതിക്ക ഉപയോഗിക്കുന്നത്. ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാൽ കർഷകരുടെ പ്രധാന വരുമാന മാർഗമായിരുന്നു ജാതി കൃഷി. ജാതി മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിയാനൊരുങ്ങുകയാണ് മിക്ക കർഷകരും. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് മറ്റുള്ളവർ.
വിലയിടിയുന്നു
മേയ് മുതലുള്ള മാസങ്ങളിലാണ് കേരളത്തിൽ ജാതിക്കയുടെ പ്രധാന സീസൺ. കഴിഞ്ഞ വർഷം ജാതിപത്രിക്ക് വിപണിയിൽ കിലോയ്ക്ക് 1500മുതൽ 2000 രൂപവരെയായിരുന്നു വില. ഇത് നിലവിൽ 1300നും 1700നും ഇടയിലാണ്. ജാതിക്കയ്ക്ക് 230 മുതൽ 250 രൂപയാണ് നിലവിൽ വില. മുൻ വർഷം 360 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നു.
തോരാമഴയും ചൂടും വില്ലന്മാർ
കാലാവസ്ഥ വ്യതിയാനത്തിൽ ജാതിമരങ്ങൾ പൂക്കുന്നുണ്ടെങ്കിലും കായ പിടിക്കുന്നില്ല. തോരാമഴയ്ക്ക് മുമ്പുണ്ടായ കനത്ത ചൂടും കൃഷിയെ താറുമാറാക്കി. ചൂടിൽ ജാതി മരങ്ങൾക്ക് ഉണക്ക് ബാധിച്ചത് വരും വർഷങ്ങളിലെ ഉത്പാദനത്തെയും ബാധിക്കും. ഈ വർഷം ശേഖരിച്ച ജാതിക്കയും ജാതിപത്രിയും വെയിൽ കുറഞ്ഞതോടെ ഫംഗസ് ബാധിക്കുമെന്നതിനാൽ സൂക്ഷിച്ചു വെക്കാനാവില്ല.
പ്രധാനമായി ജാതി കൃഷി ചെയ്യുന്ന ജില്ലകൾ
2018ലെ പ്രളയ ശേഷം ജാതിമരങ്ങൾ കായ്ഫലം തരുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലായി. പതിവില്ലാത്ത തോരാമഴയെ തുടർന്ന് കായ് പൊഴിച്ചിൽ പതിന്മടങ്ങായി. ജാതിപത്രിയും കായും മൂപ്പെത്തും മുമ്പെ പൊഴിഞ്ഞ് വീഴുകയാണ്. വെയിൽ ലഭിക്കാത്തതിനാൽ ശേഖരിക്കുന്ന കായ്കളും പത്രിയും ഉണക്കിയെടുക്കാനുമാകുന്നില്ല.
സിനിൽ കുര്യാക്കോസ്
ജാതി കർഷകൻ
പട്ടിമറ്റം.