photo

വൈപ്പിൻ:കുടിവെള്ള ക്ഷാമത്തെ തുടർന്ന് വെള്ളം പമ്പിംഗ് നടത്തുന്ന വിഷയത്തിൽ നായരമ്പലം പഞ്ചായത്തിനെതിരെ വിമർശനവുമായി എടവനക്കാട് പഞ്ചായത്ത്. എടവനക്കാട് ഒന്ന്, മൂന്ന് വാർഡുകളിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുകയാണ്. അതേ സമയം നായരമ്പലത്തേയ്ക്ക് പമ്പിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴും നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടവനക്കാടിനെതിരെ രൂക്ഷവിമർശനം നടത്തുകയാണെന്ന് പ്രസിഡന്റ് അസീന അബ്ദുൾ സലാം പറഞ്ഞു. എടവനക്കാട് 18 മണിക്കൂർ പമ്പിംഗ് നടത്താമെന്ന് രേഖാമൂലം ഉദ്യോഗസ്ഥൻമാർ ഉറപ്പു നൽകിയിട്ടും പമ്പിംഗ് ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി പമ്പിംഗ് സമയം ചുരുക്കുകയാണെന്ന് പ്രസിഡന്റ് പറയുന്നു.
ബുധനാഴ്ച വൈകിട്ട് നായരമ്പലത്തലേക്കുള്ള പമ്പിംഗ് നടന്നു കൊണ്ടിരിക്കെ എടവനക്കാട് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പമ്പിംഗ് നിറുത്തിച്ച് എടവനക്കാടേയ്ക്ക് പമ്പിംഗ് തിരിച്ചു വിട്ടുവെന്ന് നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗ്ഗീസ് കുറ്റപ്പെടുത്തി.

കുടിവെള്ളം എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ടതാണെന്നും ജലസംഭരണി ഇരിക്കുന്നത് എടവനക്കാട് ആയതിനാൽ ഇവിടുത്തെ വെള്ളം തങ്ങൾക്ക് മാത്രമാണെന്നുള്ള സമീപനമാണ് എടവനക്കാട് പഞ്ചായത്ത് ഭാരവാഹികളുടേതെന്നും ജോബി വർഗീസ് ആരോപിച്ചു.
രണ്ട് പഞ്ചായത്തുകളും ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നിട്ടും പഞ്ചായത്ത് ഭാരവാഹികൾ തമ്മിലുള്ള പോര് തുടരുകയാണെന്നും കുടിവെള്ളക്ഷാമത്തിന് പരിഹാരമല്ലെന്നും നാട്ടുകാരും പറയുന്നു.

 പൈപ്പുകൾ പൊട്ടുന്നതും പ്രതിസന്ധി
സംസ്ഥാനപാതയുടെ കിഴക്ക് ഭാഗത്ത് കുടിവെള്ളക്ഷാമമില്ല. കിഴക്കേ ഭാഗത്ത് വലിയ പൈപ്പുകളാണുള്ളത്. പറവൂരിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഈ പൈപ്പുകളിൽ നല്ല പ്രഷറിൽത്തന്നെ എടവനക്കാട് അണിയിൽ ബസാറിലെ ജലസംഭരണിയിൽ കയറ്റും. എന്നാൽ പടിഞ്ഞാറേ ഭാഗത്തുള്ള പൈപ്പുകൾ ചെറിയ വ്യാസത്തിലുള്ളതും കാലപ്പഴക്കത്താൽ സമ്മർദ്ദം വരുമ്പോൾ പൊട്ടുന്നവയുമാണ്. 40 വർഷം മുൻപാണ് ഈ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ മാറ്റി വ്യാസം കൂടിയ പുതിയ പൈപ്പുകൾ സ്ഥാപിച്ചാലേ പടിഞ്ഞാറേ ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകൂ.

 കുടിവെള്ളക്ഷാമം രൂക്ഷം
സംസ്ഥാനപാതയുടെ പടിഞ്ഞാറെ ഭാഗത്ത് ഏഴ് ദിവസം വരെ വെള്ളം ലഭിക്കാതെയിരുന്നിട്ടുണ്ട്. അപ്പോഴൊക്കെ പഞ്ചായത്ത് അംഗങ്ങൾ ജല അതോറിട്ടി ഓഫീസിൽ കുത്തിയിരുന്ന് പ്രതഷേധിക്കും. ഒന്നോ രണ്ടോ ദിവസത്തേക്ക് പ്രശ്‌നങ്ങളുണ്ടാവില്ല. തുടർന്ന് വീണ്ടും വെള്ളം കിട്ടാതെയാകും.


എടവനക്കാട് സെയ്ത് മുഹമ്മദ് റോഡിന്റെ പടിഞ്ഞാറേ ഭാഗങ്ങളിലും മുരിപ്പാടം ഭാഗങ്ങളിലുമാണ് ക്ഷാമം രൂക്ഷം. സംസ്ഥാനപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പഴകിയ ചെറിയ പൈപ്പുകൾ മാറ്റി വ്യാസം കൂടിയ പൈപ്പുകൾ സ്ഥാപിക്കുകയാണ് പരിഹാരമാർഗം. എടവനക്കാട് പഞ്ചായത്തിന്റെ പല പദ്ധതികളും നടപ്പാക്കാതെ ഫണ്ട് ലാപ്‌സായി പോകുന്നു.


ഇ.കെ. സലിഹരൻ
കൺവീനർ
സി.ആർ.ഇസഡ് ആക്ഷൻ കൗൺസിലർ