കൊച്ചി: ട്രാവൽ ഇൻഷ്വറൻസ് അപേക്ഷയിൽ തീയതി തെറ്റായി രേഖപ്പെടുത്തിയതിനാൽ തുക നിഷേധിക്കപ്പെട്ട യാത്രക്കാരന് ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. ബെന്നി റോയൽ ടൂർസിനെതിരേ ഇടപ്പള്ളി സ്വദേശി ചന്ദ്രമോഹൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022ൽ പരാതിക്കാരനടക്കം 25പേർ ഈജിപ്ത്, ജോർദ്ദാൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ടൂർ പാക്കേജിൽ ഇൻഷ്വറൻസ് കവറേജ് ഉൾപ്പെടുത്തിയിരുന്നു. സംഘത്തിലെ ഏഴുപേർ ജോർദാനിൽവച്ച് കൊവിഡ് പോസിറ്റീവായി. അവിടെ ക്വാറന്റീനിൽ കഴിയേണ്ടിവന്നതിനാൽ മടക്കയാത്ര വൈകി.

ഇതിന്റെ പേരിൽ ഇവരിൽനിന്ന് ടൂർഓപ്പറേറ്റർ 24,500 രൂപ അധികമായി ഈടാക്കി. ഇൻഷ്വറൻസ് തുകയ്ക്കായി എഴുപതുകാരനായ പരാതിക്കാരൻ കമ്പനിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. യാത്രാതീയതി കൃത്യമല്ലെന്നാണ് കാരണം പറഞ്ഞത്. ഇത് ടൂർ ഓപ്പറേറ്ററുടെ അശ്രദ്ധയാണെന്ന് പരാതിക്കാരൻ ഉപഭോക്തൃകോടതിയിൽ വാദിച്ചു. ഇൻഷ്വറൻസ് നിഷേധിക്കപ്പെട്ടത് എതിർകക്ഷിയുടെ സേവനത്തിലെ അപര്യാപ്തതയാണെന്നു വിലയിരുത്തിയാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി നഷ്ടപരിഹാരം വിധിച്ചത്.