കൊച്ചി: ഉന്നതവിദ്യാഭ്യാസവും ബഹുഭാഷാ പാണ്ഡിത്യവും സ്വന്തമാക്കി ഉന്നതപദവികൾ വഹിച്ചവരാണ് സിറോമലബാർസഭയിൽ പുതിയ ബിഷപ്പുമാരായി നിയമിതരായവർ. സ്വന്തം രൂപതയിലാണ് ബിഷപ്പ് തോമസ് തറയിൽ ആർച്ച് ബിഷപ്പായി നിയമിതനായത്.
ചങ്ങനാശേരി കത്തീഡ്രൽ ഇടവകയിൽ ടി.ജെ. ജോസഫ് - മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനാണ് തോമസ് തറയിൽ. കുറിച്ചി മൈനർ സെമിനാരിൽ വൈദിക പരിശീലനം ആരംഭിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽനിന്ന് തത്വശാസ്ത്ര, ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി. 2000 ജനുവരി ഒന്നിന് ബിഷപ്പ് ജോസഫ് പൗവത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
അതിരമ്പുഴ, നെടുങ്കുന്നം, എടത്വ ഇടവകകളിിൽ അസിസ്റ്റന്റ് വികാരിയായും താഴത്തുവടകരയിൽ വികാർ അഡ്മിനിസ്‌ട്രേറ്ററായും പ്രവർത്തിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് മന:ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2017 ജനുവരി 14ന് ചങ്ങനാശേരി സഹായമെത്രാനായി നിയമിതനായി. അതിരൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന പദവിയോടൊപ്പം തിരുവനന്തപുരം, കൊല്ലം, അമ്പൂരി ഫൊറോനകളുടെ പ്രത്യേക ചുമതലയും വഹിച്ചു. ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.
ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ
തൃശൂർ അരിമ്പൂർ സെന്റ് ആന്റണീസ് ഇടവകയിൽ പി.ജെ. ദേവസിയുടെയും എ. എം. കൊച്ചുത്രേസ്യായുടെയും മകനാണ് പ്രിൻസ് ആന്റണി പാണേങ്ങാടൻ. സി.എം.ഐ സന്ന്യാസ സമൂഹത്തിൽ പരിശീലനം നേടി. ബംഗളൂരുവിൽനിന്ന് തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി. 2007ൽ ബിഷപ്പ് ജോസഫ് കുന്നത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ഉർബാനിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബൈബിൾ തിയോളജിയിൽ ഡോക്ടറേറ്റുനേടി. 2015 ഒക്ടോബർ 29ന് അദിലാബാദ് രൂപതയുടെ മെത്രാനായി അഭിഷിക്തനായി. മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.