മൂവാറ്റുപുഴ: ഒരു വർഷമായി മുളവൂർ പൊന്നിരിക്കപ്പറമ്പ് ജംഗ്ഷന് ഒരു വർഷമായി ഇരുട്ടിലാണ്. നാലു വർഷം മുമ്പ് എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെയായിട്ട് വർഷം ഒന്നു കഴിഞ്ഞു. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
തിരക്കേറിയ ജംഗ്ഷൻ
ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ സംഗമിക്കുന്ന മുളവൂരിലെ പ്രധാന ജംഗ്ഷനായ പൊന്നിരിക്കപ്പറമ്പിൽ നാല് വർഷം മുമ്പ് എൽദോ എബ്രഹാം എം .എൽ. എ യായിരുന്നപ്പോഴാണ് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മുളവൂരിലെ തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് പൊന്നിരിക്കപ്പറമ്പ്, പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച്, ദാറുസ്സലാം മസ്ജിദ്, സെന്റ് മേരീസ് യാക്കോബായ ചർച്ച്, ആശുപത്രി, വർക് ഷോപ്പ്, നിരവധി ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാത്രി കടകൾ എല്ലാം അടക്കുന്നതോടെ പ്രദേശം ഇരുട്ടിലാകും.
മോഷണം പതിവ്
കഴിഞ്ഞ ആഴ്ച ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടന്നിരുന്നു. ഇവിടെയുള്ള സി.ടി ടിവി ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞു വെങ്കിലും വെളിച്ചക്കുറവ് മൂലം മോഷ്ടാവിന്റെ മുഖം വ്യക്തമായിയില്ല. മാസങ്ങൾക്ക് മുമ്പ് സമീപത്തെ വീട്ടിലെ ഔട്ട് ഹൗസിൽ നിന്ന് അടക്ക അടക്കമുള്ളവ മോഷണം പോയിരുന്നു. അന്വേഷണം നടന്നെങ്കിലും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല.
പഞ്ചായത്ത് ഓഫീസ് മാർച്ച്
ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ച് അടക്കമുള്ള പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും. പ്രദേശവാസികളും വ്യാപാരികളും പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം.