ആലുവ: 164 ദിവസം നീണ്ട ആശുപത്രി വാസം, അതിൽ 129 ദിവസവും തീവ്ര പരിചരണ വിഭാഗത്തിൽ. ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് 14 വയസുകാരി ഫാദിയ മടങ്ങുമ്പോൾ രാജഗിരി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിന് അഭിമാന നിമിഷം. കഴിഞ്ഞ മാർച്ച് എട്ടിനാണ് പനി, ചുമ, അനിയന്ത്രിതമായ വിയർപ്പ് എന്നീ ലക്ഷണങ്ങളുമായി ഫാദിയയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഫാദിയയുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞ് നില വഷളായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. രക്തത്തിലെ ഓക്‌സിജന്റെ കുറവും മൾട്ടി ഡ്രഗ് റെസിസ്റ്റൻസ് രോഗാണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയതോടെ വെന്റിലേറ്ററിലായിരുന്നു. ഡോ. സൗമ്യ മേരി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആന്റി ഫോസ്‌ഫോളിപ്പിഡ് സിൻഡ്രോം എന്ന അപൂർവ്വ രോഗമാണെന്ന് കണ്ടെത്തി.
വലതുകാലിൽ രക്തം കട്ട പിടിച്ചതോടെ ചലന ശേഷിയേയും ബാധിച്ചു. ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയും ആന്റി ബയോട്ടിക് വഴി അണുബാധ നിയന്ത്രിച്ചും രക്തകട്ടകൾ അലിയിച്ചും ഡോക്ടർമാർ ഫാദിയയെ സാവധാനം തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വിദഗ്‌ദ്ധ ചികിത്സയ്ക്ക് പുറമെ ഫാദിയക്ക് ഇഷ്ട്ടമുളള പാട്ടുകൾ കേൾപ്പിച്ചും സുറുമ എഴുതി കൊടുത്തും നഴ്‌സുമാർ കൂടെ നിന്നു. രണ്ട് മാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഫിസിയോതൊറാപ്പി വിഭാഗത്തിന്റെ കൂടി പിന്തുണയോടെ ഫാദിയയുടെ ചലനശേഷി വീണ്ടെടുത്തു. മകളെ നഷ്ടപ്പെടുമെന്ന് കരുതിയ അവസ്ഥയിൽ നിന്നും തിരികെ കിട്ടിയ സന്തോഷം ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊപ്പം കേക്ക് മുറിച്ചാണ് കുടുംബം ആഘോഷിച്ചത്.