gayatri

കൊച്ചി: 15-ാം വയസിൽ ഇഷ്ടത്തോടെ കൂടെക്കൂട്ടിയ കലയിൽ അമ്പത് വ‍ർഷം പൂ‍ർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ചിത്രകാരൻ ഗായത്രി. ഗായത്രിയുടെ സന്തോഷത്തിൽ കൂട്ടുകാ‍‍‍ർ പങ്കുചേർന്നത് എറണാകുളം ഡർബാർ ഹാളിൽ ഒരു ചിത്രപ്രദ‍ർശനം ഒരുക്കി നൽകിയും. 'ഭൂരേഖകൾ നിറത്താരകൾ' എന്ന ചിത്രപ്രദർശനം തന്റെ കലാജീവിതത്തിന് കിട്ടുന്ന വലിയ അംഗീകാരമായി കാണുന്നുവെന്ന് അറുപത്തിയഞ്ചുകാരനായ ഗായത്രി പറയുന്നു.

ലളിതകലാ അക്കാഡമി അവാർഡ് നേടിയ ചിത്രങ്ങൾ ഉൾപ്പടെ പ്രദർശിപ്പിക്കുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സിനിമയിൽ വന്നിട്ട് അൻപത് വർഷം പൂത്തിയാക്കിയപ്പോൾ അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രങ്ങളും കൊടിയേറ്റത്തിലെ ഭരത്ഗോപി ഇരിക്കുന്ന രംഗവുമെല്ലാം ചിത്രങ്ങളാക്കിയിട്ടുണ്ട്. അഞ്ച് ഇൻസ്റ്റലേഷനുകളും ഇതിൽ ഉണ്ട്.

മലയാള സിനിമയിൽ കലാ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട് ഗായത്രി. കലയെയും സാഹിത്യത്തെയും പറ്റി എട്ട് പുസ്തകങ്ങളും രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേച്ചർ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നൂറിലധികം വാസ്തുശില്പങ്ങൾ രൂപകല്പന ചെയ്ത് നിർമ്മിച്ചിട്ടുണ്ട്. ഗുരുവായൂരിലാണ് താമസം. ഭാര്യ: മാലിനി. ചിത്രകാരിയും കവയിത്രിയുമായ കന്നിയാണ് മകൾ. ഇപ്പോൾ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യുന്നു. മരുമകൻ അജിത് കേന്ദ്ര സംസ്കൃത യൂണിവേഴ്സിറ്റി നാസിക്ക് കാമ്പസിൽ ഇംഗ്ലീഷ് അദ്ധ്യാപകനാണ്.