കൊച്ചി: ലൈംഗിക അതിക്രമ പരാതികളിൽ ആരോപണവിധേയരായ താരങ്ങളുൾപ്പെടെ അജ്ഞാത കേന്ദ്രങ്ങളിൽ. ഇവർ എവിടെയാണെന്ന് സഹപ്രവർത്തകർക്കും വ്യക്തതയില്ല. പരാതികളെ നിയമപരമായി നേരിടാനുള്ള ശ്രമത്തിലാണ് പ്രതികൾ.
നടനും എം.എൽ.എയുമായ മുകേഷ് തിരുവനന്തപുരത്തു നിന്ന് ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തി അഭിഭാഷകൻ ജിയോ പോളുമായി ചർച്ച നടത്തി. നടിയുടെ ആരോപണം വ്യാജ മാണെന്ന് കോടതിയിൽ വാദിക്കാനുള്ള രേഖകൾ അഭിഭാഷകന് നൽകിയ അദ്ദേഹം പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമല്ല.
തൊടുപുഴയിലെ ഷൂട്ടിംഗ് സ്ഥലത്ത് നടിയെ കടന്നുപിടിച്ചെന്ന് പരാതിയുയർന്ന നടൻ ജയസൂര്യ വിദേശത്താണെന്നാണ് വിവരം. കേസിൽ ജയസൂര്യ പ്രതികരിച്ചിട്ടില്ല.
മാനഭംഗക്കേസ് ചുമത്തപ്പെട്ട നടനും അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു കൊച്ചിയിലില്ല. ഇരിങ്ങാലക്കുട സ്വദേശിയായ ബാബു കലൂരിലെ ഫ്ളാറ്റിലാണ് താമസം. ബാബു ദിവസങ്ങളായി ഫ്ളാറ്റിൽ വന്നിട്ടില്ലെന്നാണ് മറ്റു താമസക്കാർ പറയുന്നത്.
മുൻകൂർജാമ്യം തേടി ചന്ദ്രശേഖരൻ
മാനഭംഗക്കേസ് ചുമത്തപ്പെട്ട ലായേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന ചെയർമാൻ വി.എസ്. ചന്ദ്രശേഖരൻ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണത്തിനു ശേഷം കോടതിയിൽ എത്തിയിട്ടില്ലെന്നാണ് വിവരം. പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് വിച്ചു എന്നിവർ എവിടെയെന്നും വ്യക്തമല്ല. ആരോപണം ഉന്നയിച്ചവരുടെ മൊഴികൾ ശേഖരിക്കുന്നതിലാണ് അന്വേഷണസംഘം ശ്രദ്ധിക്കുന്നത്. തുടർന്നാകും പ്രതികളെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആരംഭിക്കുക. ഇവരുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്.