കൊച്ചി: നഗരത്തിലെ പാതയോരങ്ങളിലടക്കം മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ അധികൃതർ എന്തുനടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. മാലിന്യം നീക്കുന്ന കോർപ്പറേഷന്റെ 13 വാഹനങ്ങൾ (സക്ഷൻ കം ജെറ്റിംഗ് മെഷീൻ) ഉണ്ടായിട്ടും നഗരത്തിലെ സ്ഥിതിക്ക് മാറ്റമില്ലാത്തത് വലിയ വീഴ്ചയാണ്. വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് ചുമതലമെടുത്തിയ മെക്കാനിക്കൽ എൻജിനീയർ ഉണ്ടായിട്ടും ഇതാണോ അവസ്ഥയെന്നും ഖജനാവിലെ പണം പാഴാക്കുകയല്ലേയെന്നും ജസ്റ്റിസ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചോദിച്ചു. ഒരു വാഹനം മാത്രമാണ് പ്രവർത്തനക്ഷമമെന്നും ബാക്കിയുള്ളവ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണെന്നും കോർപ്പറേഷൻ അറിയിച്ചു.
താമസകേന്ദ്രങ്ങളിലെ മലിനജലം പേരണ്ടൂർ കനാലിലെത്തുകയാണെന്ന് കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന അപ്പാർട്ട്‌മെന്റുകളുടെയും മറ്റും വൈദ്യുതി വിച്ഛേദിക്കുന്നതടക്കമുള്ള നടപടികൾ പരിഗണിക്കണം. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. പൊതുജനങ്ങൾക്ക് ആപ്പിലൂടെ സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ നൽകാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ഇത് പരിചയപ്പെടുത്തണമെന്നും കോടതി പറഞ്ഞു.