1

ഫോർട്ട് കൊച്ചി: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും യാഥാർത്ഥ്യമാണെന്നും അവ പ്രാദേശികമായി സൃഷ്ടിക്കുന്ന ആഘാതങ്ങളെ പ്രാദേശികമായി തന്നെ നേരിടേണ്ടതുണ്ടെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഫോർട്ടുകൊച്ചി ബീച്ച് സംരക്ഷണ സമിതി കൊച്ചിയിൽ നടത്തിയ ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തുടർച്ചയായി ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്ക് പിന്നിൽ തീർച്ചയായും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ കാരണങ്ങളായിരിക്കെ, പ്രാദേശികമായ ഇടപെടലുകൾ അതിൽ വഹിക്കുന്ന പങ്കും പരിശോധിക്കപ്പെടേണ്ടതാണെന്ന് ഡോ. അഭിലാഷ് ചൂണ്ടിക്കാട്ടി. നമ്മുടെ വികസന സങ്കല്പങ്ങളിലും വികസന പദ്ധതികളിലുമൊക്കെ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ അനിവാര്യമായി പ്രതിഫലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃതവും ജനകീയവുമായി വേണം ഇത് ചെയ്യേണ്ടത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കൊച്ചിയെ അപകടത്തിലാക്കുമ്പോൾ അവയെ തീവ്രമാക്കുന്ന വികസനമല്ല, മറിച്ച് ലഘൂകരിക്കുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ കൺവെൻഷനിൽ ഹാരിസ് അബു അദ്ധ്യക്ഷനായി. കെ.ജെ. സോഹൻ, ഫാ. ഡോ. ആന്റണീറ്റോ പോൾ, വി.ടി. സെബാസ്റ്റ്യൻ, അഡ്വ. തുഷാർ നിർമൽ സാരഥി, ജോസഫ് കുരിശിങ്കൽ, ജെയ്സൻ സി.കൂപ്പർ എന്നിവർ സംസാരിച്ചു.