കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസിലെ പരാതികൾ പരിഹരിക്കുന്നതിന് കടുത്ത നിലപാടുമായി കോ‌ർപ്പറേഷൻ കൗൺസിൽ യോഗം. സോണൽ ഓഫീസിൽ വിവിധ ആവശ്യങ്ങളായി എത്തുന്നവരെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ഇരുത്തുകയും അടുത്ത ദിവസം വരാൻ പറഞ്ഞ് തിരിച്ചയയ്ക്കുകയും ചെയ്യുന്ന നടപടിക്കെതിരെ കൗൺസിലർമാരിൽ നിന്ന് പരാതി ഉയർന്നതോടെയാണ് മേയർ കടുത്ത നിലപാടെടുത്തത്.

സേവനങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഓരോ ദിവസങ്ങളിലും ഓരോ ഉദ്യോഗസ്ഥർ സോണൽ ഓഫീസിലെത്തി പ്രവ‌‌ർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് മേയർ നി‌ർദ്ദേശിച്ചു.

വെള്ളിയാഴ്ച ദിവസം ഡപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇതിന്റെ റിപ്പോർട്ട് നൽകണമെന്നും മേയർ നിർദ്ദേശിച്ചു.

അർദ്ധ വർഷം സമാപിക്കുന്ന സെപ്തംബറിൽ കോർപ്പറേഷൻ റവന്യൂ ഓഫീസർ അവധിയിൽ പോയ നടപടി മേയർ വിമ‌ർശിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും മേയർ നിർദ്ദേശിച്ചു.

റോറ സർവീസ് കൃത്യമായി നടക്കണമെങ്കിൽ മൂന്നാമത്തെ റോറോയും സ്പെയർപാർട്സുകൾ വിദേശത്ത് നിന്നെത്തിക്കുകയും വേണം. ഇവയുടെ കൃത്യമായ നടത്തിപ്പിന് എസ്.പി.വി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആ‌ർ.എല്ലിന് കത്തയച്ചതായും മേയർ പറഞ്ഞു.

വൈറ്റിലയിൽ കാനവൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലുടമയുമായി ഉണ്ടായ തർക്കത്തിൽ തനിക്ക് വധഭീഷണി വന്നുകൊണ്ടിരിക്കുകയാണെന്ന് കൗൺസിലർ സുനിത ഡിക്സൺ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചു.

ഡങ്കിപ്പനി പ്രതിരോധം

നഗരത്തിൽ ഡെങ്കിപ്പനി പടരുന്നത് ഗൗരവമായി എടുക്കണമെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പത്തുപേർക്ക് രോഗമുണ്ടെങ്കിൽ ഒരാളുടേത് മാത്രമേ പുറത്തുവരുന്നുള്ളു. ജനറൽ ആശുപത്രിയിൽ കിടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അശ്രദ്ധമായി വീട്ടിലോ പരിസരത്തോ ശുദ്ധജലം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കണമെന്നും മേയർ നിർദ്ദേശിച്ചു.

തട്ടുകടയെ ചൊല്ലി കൗൺസിലിൽ വാക്കേറ്റം

വയനാടിനെ സഹായിക്കാനായി ഡി.വൈ.എഫ്.ഐ പ്രവ‌ർത്തകർ തട്ടുകട നടത്തിയത് ലൈസൻസ് ഇല്ലാതെയാണെന്ന് പദ്മജ എസ്. മേനോൻ ആരോപിച്ചു. തട്ടുകട നടത്തിയതിനുശേഷം മാലിന്യം അവിടത്തന്നെ തള്ളിയാണ് പ്രവർത്തകർ പോയത്. കേന്ദ്രം ഭരിക്കുന്ന വലിയ പാർട്ടിയാണ് ബി.ജെ.പി എന്നും എപ്പോവേണമെങ്കിലും നാമാവശേഷമാകുന്ന പാർട്ടിയെയാണ് മേയർ പ്രതിനീധീകരിക്കുന്നതെന്നും കൗൺസിലർ പറഞ്ഞതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമായി. എന്നാൽ സംഭവത്തിൽ എന്ത് കേസ് വന്നാലും അത് താൻ ഏറ്റെടുക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌മാൻ പി.ആ‌ർ. റെനീഷ് പറഞ്ഞു.