കൊച്ചി: കൊല്ലം അഞ്ചാലുംമൂട് ഷാഫി കൊലക്കേസിൽ പ്രതികളായ ബാബു, അനിൽകുമാർ, സന്തോഷ് എന്നിവർക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂഷന് കേസ് തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പ്രതികളെ വെറുതെവിട്ടത്. കേസിലെ നാലാംപ്രതി കണ്ണൻ വിചാരണവേളയിൽ മരണമടഞ്ഞിരുന്നു. 2010 ജൂണ് 10നാണ് കേസിനാസ്പദമായ സംഭവം. വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വയറിൽ ആഴത്തിൽ കുത്തേറ്റ ഷാഫി ആശുപത്രിയിലാണ് മരിച്ചത്. കൊല്ലം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതികൾ അപ്പീൽ നൽകുകയായിരുന്നു.