stall

കൊച്ചി: മെഡിക്കൽ വാല്യൂ ടൂറിസത്തിൽ നിന്ന് പ്രതിമാസം 100 കോടി രൂപ വരുമാനം ഉണ്ടാക്കാൻ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കഴിയുമെന്ന് ആരോഗ്യ ഉച്ചകോടിയിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. മെഡിക്കൽ വാല്യൂ സഞ്ചാരികളിൽ നിന്ന് പ്രതിമാസം 40 കോടി രൂപ വരെ നിലവിൽ നേടുന്നുണ്ടെന്ന് കേരള ഹെൽത്ത് ടൂറിസം 11ാം പതിപ്പിനെയും ആറാം ആഗോള ആയുർവേദ ഉച്ചകോടിയെയും അഭിസംബോധന ചെയ്ത വിദഗ്ദ്ധർ പറഞ്ഞു. മെഡിക്കൽ വാല്യൂ സഞ്ചാരികളെ ആകർഷിക്കാൻ മിഡിൽ ഈസ്റ്റുമായുള്ള ബന്ധം കൂടുതൽ വർദ്ധിപ്പിക്കണമെന്ന് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു.

ചെലവ് കുറഞ്ഞ ആരോഗ്യസേവനങ്ങൾ കേരളത്തിന്റെ നേട്ടമാണെന്ന് സി.ഐ.ഐ കേരള ഹെൽത്ത് കെയർ പാനൽ കോ കൺവീനറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ പി.വി ലൂയിസ് പറഞ്ഞു. മെഡിക്കൽ വാല്യൂ ടൂറിസത്തിൽ നിന്ന് 10 ബില്യൺ ഡോളർ വരുമാനമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് സ്റ്റാർട്ടപ്പ് സംരംഭമായ മൈക്കരെ ഹെൽത്തിന്റെ സി.ഇ.ഒ സെനു സാം പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ വളർച്ചാസാദ്ധ്യതകൾ സാക്ഷാത്കരിക്കുന്നതിന് നയപരമായ സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന്റെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പിന്തുണയോടെ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചു.