ആലുവ: വനിതാ ബ്യൂട്ടി പാർലർ ഉടമയുടെ 11 വയസുള്ള മകളുടെ കഴുത്തിൽ സ്‌പാ ചെയ്യാനെത്തിയ സ്ത്രീ ബ്ലേഡ് വച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി. സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചതിനെ തുടർന്ന് എടത്തല പൊലീസ് എത്തിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാൽ കസ്റ്റഡിയിലെടുക്കാനായില്ല. ഇതിനിടെ സ്ത്രീ എറണാകുളത്തേക്കുള്ള ബസിൽ കയറി രക്ഷപ്പെട്ടു. പാർലർ ഉടമ പിന്നീട് രേഖാമൂലം പരാതി കൊടുത്തതിന് പിന്നാലെ സ്ത്രീയെ കസ്‌റ്റഡിയിലെടുത്തുവെന്നാണ് സൂചന. എറണാകുളം സ്വദേശിയാണ് ആക്രമണത്തിന് മുതിർന്ന സ്ത്രീ എന്നാണ് വിവരം. ഇവർ പെൺകുട്ടിയുടെ കൈ പിടിച്ചു തിരിക്കുകയും കഴുത്ത് പിന്നിലേക്ക് വളയ്ക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടിയുടെയും അമ്മയുടെയും കരച്ചിൽ കേട്ടാണ് നാട്ടുകാർ പാർലറിൽ ചെന്നത്.